ന്യൂഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ്റെ ഇന്ത്യ സന്ദർശന തീയതി സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും അധികൃതർ ആലോചന തുടങ്ങി. ഇന്ത്യാ സന്ദർശന വേളയിൽ പ്രസിഡന്റ് പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും.
ഒക്ടോബർ അവസാനത്തിൽ ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാൻ സന്ദർശനത്തിനിടെയാണ് പുടിനും മോദിയും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
അന്നത്തെ കൂടിക്കാഴ്ചയിൽ യുക്രെയ്നുമായുള്ള സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് മോദി, പുടിനെ അറിയിച്ചിരുന്നു.
സംഘർഷങ്ങൾക്ക് സമാധാനപരമായ പരിഹാരങ്ങൾ ഉണ്ടാകണമെന്ന് വിശ്വസിക്കുന്നു. സമാധാനം കൊണ്ടുവരാൻ സഹായിക്കാൻ ഇന്ത്യ എപ്പോഴും തയാറാണ് എന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.