പത്തനംതിട്ട: ശബരിമലയിൽ അയ്യപ്പ ദർശനത്തിനായി എത്തുന്ന ഭക്തരുടെ തിരക്ക് തുടരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് തീർത്ഥാടകരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായത്. ഇന്നലെ വൈകിട്ട് 7ന് പമ്പയിൽനിന്നു മല കയറിയ തീർഥാടകർക്ക് ഇന്ന് പുലർച്ചെ 3ന് നട തുറന്ന ശേഷമാണ് ദർശനം നടത്താനായത്.(Rush of devotees continues in Sabarimala)
നടൻ ദിലീപ് ഉൾപ്പെടെയുള്ളവർ ഇന്ന് പുലർച്ചെ നിർമാല്യ ദർശനം നടത്തി. ഇന്നലെ മല ചവിട്ടിയ തീർത്ഥാടകർ യു ടേൺ മുതൽ ക്യു നിന്ന് സന്നിധാനത്ത് എത്തിയപ്പോഴേക്കും ഹരിവരാസനം ചൊല്ലി നട അടച്ചിരുന്നു. ഒടുവിൽ നടപ്പന്തലിലെ ക്യൂവിൽ പുലർച്ചെ വരെ കാത്തിരുന്നാണ് ദർശനം നടത്തിയത്.
അതേസമയം, ശബരിമലയിൽ ആരും അനുവദനീയമായ ദിവസത്തിലധികം താമസിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശം നൽകി. ഡോണർ മുറിയിൽ ആരും അനുവദനീയമായ ദിവസത്തിലധികം താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.