കൊച്ചി: ബസ് ഓടിക്കുന്നതിനിടെ വഴി നീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ഡ്രൈവറെ നിയമം പഠിപ്പിച്ച് ആർടിഒ. എലൂർ- മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ഡ്രൈവറാണ് കുടുങ്ങിയത്. ഡ്രൈവറെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയ ആർടിഒ രണ്ട് മണിക്കൂർ നിർത്തി ഗതാഗത നിയമ പുസ്തകം വായിപ്പിച്ചാണ് വിട്ടത്.(RTO punished bus driver for honking horn in kochi)
ഇന്നലെ രാവിലെ 9 ന് ഏലൂർ ഫാക്ട് ജംങ്ഷനിനു സമീപം ആർടിഒ കെ മനോജിന്റെ കാറിന് പിന്നിലൂടെ അമിത ശബ്ദത്തിൽ തുടരെ ഹോൺ മുഴക്കി ബസ് വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അടുത്ത സ്റ്റോപ്പിൽ ആർടിഒ ബസ് തടയുകയായിരുന്നു. ട്രിപ് അവസാനിച്ച ശേഷം ഡ്രൈവറോട് ആർടി ഓഫിസിലെത്താൻ നിർദേശം നൽകുകയും ചെയ്തു.
തുടർന്ന് മൂന്നു മണിയോടെ ഡ്രൈവർ മഞ്ഞുമ്മൽ സ്വദേശിയായ ജിതിൻ ആർടി ഓഫിസിലെത്തി. മലയാളത്തിൽ അച്ചടിച്ച ഗതാഗത നിയമ പുസ്തകം നൽകിക്കൊണ്ട് ചേംബറിന്റെ ഒരു വശത്തേക്ക് മാറി നിന്ന് വായിക്കാൻ നിർദേശിക്കുകയായിരുന്നു. അഞ്ച് മണിയോടെയാണ് പുസ്തകം ജിതിൻ വായിച്ച് തീർത്തത്. നിയമം പഠിച്ചെന്ന് ഉറപ്പാക്കാൻ ഏതാനും ചോദ്യങ്ങൾ ചോദിച്ച് ഉത്തരം പറയിച്ച ശേഷമാണ് ബസ് ഡ്രൈവറെ വിട്ടത്.