കോട്ടയം: ഭിന്നശേഷിക്കാർക്കുള്ള ദിവ്യാംഗ്ജൻ കോച്ചിൽ യാത്ര ചെയ്യാനായി റെയിൽവേ പൊലീസിന്റെ സഹായം തേടിയ വിദ്യാർത്ഥിയെ അപമാനിച്ചതായി പരാതി. ജന്മനാ കാഴ്ചപരിമിതിയുള്ള ചെങ്ങന്നൂർ സ്വദേശി സുബിൻ വർഗീസ് എന്ന വിദ്യാർഥിയ്ക്കാണ് ആർപിഎഫ് ഉദ്യോഗസ്ഥനിൽ നിന്നും ദുരനുഭവം നേരിട്ടത്. സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞ മാസം 20 ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കടക്കം പരാതി നൽകിയിട്ടും നടപടി സ്വീകരിച്ചിട്ടില്ല.(RPF officer insulted Visually Impaired Student)
സ്റ്റേഷനിൽ എത്തുന്നതിനു മുൻപുതന്നെ ചെങ്ങന്നൂരിൽ നിന്ന് എറണാകുളം വരെ യാത്രചെയ്യാൻ സഹായം വേണമെന്ന് സുബിൻ കൺട്രോൾ റൂം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതാണ്. അവിടെനിന്ന് ഒരു ആർപിഎഫ് ഉദ്യോഗസ്ഥനെ സഹായത്തിനായി നിയോഗിക്കുകയും അയാളുടെ വിവരങ്ങൾ സുബിനു കൈമാറുകയും ചെയ്തു. എന്നാൽ സ്റ്റേഷനിലെത്തി ഈ ഉദ്യോഗസ്ഥന്റെ സഹായത്തോടെ, കോച്ചിലേക്കു നടക്കുമ്പോൾ ഉയർന്ന ഉദ്യോഗസ്ഥനെത്തി തടയുകയും സുബിനെ പിടിച്ചുമാറ്റി നിർത്തുകയും ചെയ്‌തെന്ന് പരാതിയിൽ പറയുന്നു.
‘‘കണ്ണുപൊട്ടനാണെങ്കിൽ വീട്ടിലിരിക്കണം. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാനായി ഇങ്ങനെ ഇറങ്ങി നടക്കരുത്. പൊലീസുകാരൻ യാത്രയാക്കാൻ നീയെന്താ വലിയ വിഐപിയാണോ’’– എന്നിങ്ങനെ മറ്റു യാത്രക്കാരുടെ മുന്നിൽവച്ച് ഉദ്യോഗസ്ഥൻ അപമാനിച്ചെന്നും സുബിൻ പറയുന്നു. ‘‘എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നേരത്തേ അറിയിക്കാമായിരുന്നല്ലോ, ഞങ്ങൾക്കും യാത്ര ചെയ്യേണ്ടേ’’ എന്ന് സുബിൻ ചോദിച്ചപ്പോൾ ‘‘നിങ്ങളെ ചുമന്നുകൊണ്ടു നടക്കലല്ല ഞങ്ങളുടെ പണി’’ എന്നാണ് ഉദ്യോഗസ്ഥൻ മറുപടി പറഞ്ഞത്. തുടർന്ന് ആദ്യം സഹായത്തിനെത്തിയ ഉദ്യോഗസ്ഥൻ തന്നെ സുബിനെ കോച്ചിൽ എത്തിക്കുകയും മേലുദ്യോഗസ്ഥന്റെ മോശം പെരുമാറ്റത്തിനു മാപ്പു ചോദിക്കുകയും ചെയ്തു.
എന്നാൽ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടു സുബിൻ ആർപിഎഫിന്റെ കൺട്രോൾ ഓഫിസിലും ദക്ഷിണ റെയിൽവേ കൺട്രോൾ റൂമിലും പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥന് അനുകൂലമായ നിലപാടെടുക്കുകയാണ് ചെയ്തതെന്ന് സുബിന്‍ പറയുന്നു. തുടർന്ന് എറണാകുളം സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകി. സംഭവത്തിൽ അഡിഷണൽ പൊലീസ് കമ്മിഷണർ സുബിനെ വിളിച്ച് ഖേദം പ്രകടിപ്പിച്ചെങ്കിലും തുടർ നടപടികൾ സ്വീകരിച്ചില്ല.
തന്റെ ഭിന്നശേഷിക്കാരായ മറ്റു സുഹൃത്തുക്കൾക്കും ഇത്തരം മോശം അനുഭവങ്ങളുണ്ടാകാറുണ്ടെന്ന് സുബിൻ പറഞ്ഞു. പാലാ സെന്റ് തോമസ് കോളജിലെ രണ്ടാം വർഷ പൊളിറ്റിക്കൽ സയൻസ് ബിരുദ വിദ്യാർത്ഥിയാണ് സുബിൻ വർഗീസ്.
Read Also: വെള്ളരിക്കയിൽ സാൽമൊണല്ല ബാക്ടീരിയ; സാലഡ് കഴിച്ച 162 പേർ ആശുപത്രിയിൽ
Read Also: ഉദ്യോഗസ്ഥന്റെ മാനസിക പീഡനം; എയര്‍ ഇന്ത്യ ജീവനക്കാരൻ ജീവനൊടുക്കി
Read Also: എൽഡിഎഫിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല; രാജ്യസഭ സീറ്റിൽ വിട്ടുവീഴ്ച ഇല്ലെന്ന് ശ്രേയാംസ്കുമാർ