റോഡിലൂടെ പായുന്ന കൊട്ടാരം; രവി പിള്ള സ്വന്തമാക്കിയ 30 കോടിയുടെ കാറിൻ്റെ പ്രത്യേകതകൾ
ലോകത്തിലെ ഏറ്റവും ആഡംബരവും വിലയേറിയതുമായ കാറുകളുടെ പട്ടികയിൽ ഒന്നാമതായി ഇടം പിടിക്കുന്ന റോൾസ് റോയ്സ് ഫാന്റം ഒരു നൂറ്റാണ്ട് പിന്നിടുകയാണ്.
1925ൽ പുറത്തിറങ്ങിയ ആദ്യ ഫാന്റം മോഡലിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ‘ഫാന്റം സെന്റിനറി എഡിഷൻ’ എന്ന പേരിൽ റോൾസ് റോയ്സ് പുറത്തിറക്കിയ ലിമിറ്റഡ് എഡിഷൻ കാർ ലോകമെമ്പാടും ശ്രദ്ധ നേടുകയാണ്.
ലോകത്ത് വെറും 25 കാറുകൾ മാത്രം നിർമിച്ച ഈ സെന്റിനറി എഡിഷനിലെ ഓരോ വാഹനവും നിറത്തിലും ഡിസൈനിലും ആഡംബര സവിശേഷതകളിലും പരസ്പരം വ്യത്യസ്തമായി കസ്റ്റമൈസ് ചെയ്തതാണ്.
ഈ അപൂർവ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക വ്യക്തിയായി പ്രവാസി വ്യവസായിയും ആർ.പി ഗ്രൂപ്പ് ചെയർമാനുമായ ഡോ. ബി. രവി പിള്ള ഇടം നേടി.
ലണ്ടനിൽ നിന്ന് ദുബായ് വഴി ബഹ്റൈനിലെത്തിച്ച ശേഷമാണ് അത്യാഡംബര കാർ ഡോ. രവി പിള്ളയ്ക്ക് കൈമാറിയത്. ഏകദേശം 30 ലക്ഷം ഡോളർ (ഇന്ത്യൻ രൂപയിൽ ഏകദേശം 30 കോടി രൂപ)യാണ് കാറിന്റെ വില.
ആഡംബരവും കലാപരമായ സൗന്ദര്യവും അത്യാധുനിക സാങ്കേതികവിദ്യയും സമന്വയിക്കുന്നതാണ് ഫാന്റം സെന്റിനറി എഡിഷൻ. കാറിന്റെ മുൻഭാഗത്തുള്ള റോൾസ് റോയ്സിന്റെ പ്രശസ്ത ‘സ്പിരിറ്റ് ഓഫ് എക്‌സ്റ്റസി’ ചിഹ്നം 24 കാരറ്റ് സ്വർണത്തിൽ നിർമ്മിച്ചതാണ്.
ഉൾഭാഗത്തെയും അലങ്കാരങ്ങളിൽ സ്വർണത്തിന്റെ സാന്നിധ്യം വ്യക്തമാണ്.
സീറ്റുകളിൽ ഫാന്റത്തിന്റെയും റോൾസ് റോയ്സിന്റെയും ചരിത്രം പറയുന്ന 77 സൂക്ഷ്മ ചിത്രത്തുന്നലുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
നാലുലക്ഷത്തിലധികം തുന്നലുകളിലൂടെയാണ് ഈ ചരിത്രാവിഷ്കാരം സീറ്റുകളിൽ പകർത്തിയിരിക്കുന്നത്.
ഫാന്റത്തിന്റെ ഏഴാം തലമുറ മോഡലായ സെന്റിനറി എഡിഷൻ, ശബ്ദമോ കുലുക്കമോ ഇല്ലാതെ റോഡിലൂടെ ഒഴുകുന്ന ഒരു വിമാനയാത്രയുടെ അനുഭവമാണ് നൽകുന്നത്.
അഞ്ചു സെക്കൻഡിനുള്ളിൽ 60 മൈൽ വേഗം കൈവരിക്കാൻ കഴിയുന്ന ശക്തമായ എൻജിൻ ശേഷിയും കാറിനുണ്ട്.
ഫാന്റം കൈമാറുന്നതിനിടെ, ഈ കാർ ജീവിതകാലം മുഴുവൻ കൈമാറ്റം ചെയ്യരുതെന്ന അഭ്യർത്ഥന റോൾസ് റോയ്സ് മുന്നോട്ടുവച്ചതായും, ഫാന്റത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും ഡോ. രവി പിള്ള പ്രതികരിച്ചു.
2010ൽ റോൾസ് റോയ്സുമായി ആരംഭിച്ച ബന്ധത്തിന്റെ തുടർച്ചയായാണ് ഈ നേട്ടം. സിംഗപ്പൂരിൽ വെച്ച് ഗോസ്റ്റ് മോഡൽ ആദ്യമായി കണ്ടപ്പോഴുണ്ടായ ആകർഷണത്തിൽ, ഒരേ ദിവസം നാല് കാറുകൾക്ക് ഓർഡർ നൽകിയ റോൾസ് റോയ്സിന്റെ ചരിത്രത്തിലെ ആദ്യ വ്യക്തിയായി ഡോ. രവി പിള്ള മാറിയിരുന്നു.
ആ വിശ്വാസബന്ധത്തിന്റെ ഫലമായാണ് ഇന്ന് ഫാന്റം സെന്റിനറി എഡിഷനും അദ്ദേഹത്തിന്റെ അപൂർവ കാർ ശേഖരത്തിലെത്തിയത്.
കൂടാതെ, കഴിഞ്ഞ വർഷം 650 കോടി രൂപ ചെലവഴിച്ച് അമേരിക്കൻ വിമാനനിർമാതാക്കളായ ഗൾഫ്‌സ്ട്രീമിന്റെ ജി600 അത്യാഡംബര വിമാനം സ്വന്തമാക്കിയതും അദ്ദേഹത്തിന്റെ ആഡംബര ശേഖരത്തിലെ മറ്റൊരു ശ്രദ്ധേയ അധ്യായമാണ്.
English Summary
Rolls-Royce has launched the ultra-luxury Phantom Centenary Edition to mark 100 years of the iconic Phantom model. Limited to just 25 bespoke cars worldwide, each vehicle is uniquely customized. Indian expatriate businessman and RP Group Chairman Dr. B. Ravi Pillai is the only Indian to own this rare edition. Priced at around $3 million (₹30 crore), the car features gold detailing, intricate embroidery, and exceptional performance, symbolizing a century of luxury and craftsmanship.
rolls-royce-phantom-centenary-edition-ravi-pillai
Rolls Royce, Phantom Centenary Edition, Luxury cars, Ravi Pillai, RP Group, Ultra luxury, Exotic cars, Automobile news, Business news









