പത്തനംതിട്ട: കെഎസ്ആർടിസി പത്തനംതിട്ട–കോയമ്പത്തൂർ സർവീസിനു മുൻപ് സർവീസ് ആരംഭിക്കാനൊരുങ്ങി റോബിൻ ബസ്. ഫെബ്രുവരി 1 മുതൽ പത്തനംതിട്ടയിൽനിന്ന് 4 മണിക്ക് പുറപ്പെടാൻ ആണ് റോബിൻ ബസിന്റെ തീരുമാനം. കൂടാതെ അടൂരിലേക്ക് സർവീസ് നീട്ടാൻ ബസ് ഉടമകൾ തീരുമാനിച്ചു. 4.30നാണ് കെഎസ്ആർടിസി കോയമ്പത്തൂർ സർവീസ് പുറപ്പെടുന്നത്.
പുലർച്ചെ 3.30ന് അടൂരിൽനിന്നു പുറപ്പെടുന്ന ബസ് റാന്നി, എരുമേലി, തൃശൂർ, പാലക്കാട് വഴി രാവിലെ 10.30ന് കോയമ്പത്തൂരിലെത്തും. അവിടെനിന്ന് വൈകിട്ട് 6ന് പുറപ്പെട്ട് പുലർച്ചെ ഒന്നിന് അടൂരിലെത്തും. അതേസമയം കെഎസ്ആർടിസിയുടെ മുന്നിലോടാനുള്ള തീരുമാനം മത്സരമല്ലെന്നു റോബിൻ ബസുടമ ഗിരീഷ് വ്യക്തമാക്കി. രാവിലെ നേരത്തെ കോയമ്പത്തൂരിൽ എത്തണമെന്നാണു യാത്രക്കാരുടെ ആവശ്യം. വൈകിട്ട് നേരത്തെ പുറപ്പെടുന്നതും യാത്രക്കാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. കോയമ്പത്തൂരിലെ ആവശ്യങ്ങൾ തീർത്ത് 6 മണിയോടെ തിരികെ പുറപ്പെടണമെന്ന നിർദേശം സ്വീകരിച്ചാണ് സമയമാറ്റം വരുത്താൻ തീരുമാനിച്ചത്.
പത്തനംതിട്ടയിൽ രാത്രി സർവീസ് അവസാനിപ്പിക്കുമ്പോൾ തുടർയാത്രാ സൗകര്യമില്ലാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നതു കൊണ്ടാണ് എംസി റോഡുമായി ബന്ധിപ്പിക്കാൻ അടൂരിലേക്ക് നീട്ടുന്നതെന്നും ഗിരീഷ് പറഞ്ഞു. വൈകാതെ റെഡ് ബസിന്റെ ബുക്കിങ് പ്ലാറ്റ്ഫോമിലും റോബിൻ ബസ് ലഭ്യമാകും.
Read Also: പച്ചപ്പിൽ മുങ്ങാൻ ദുബായ് ; ഒരു വർഷം 185000 മരങ്ങൾ