മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളുരു: ബെംഗളുരുവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശിയായ കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്.
കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽ വെച്ച് വെള്ളിയാഴ്ചയാണ് അപകടം നടന്നത്. കോളേജിലേക്ക് വരുന്നതിനിടെ ആൽബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം.
അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരണം സംഭവിച്ചത്. ബെംഗളുരുവിലെ സ്വകാര്യ കോളേജിൽ ബിടെക് വിദ്യാർത്ഥിയായിരുന്നു ആൽബി ജോൺ ജോസഫ്.
കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; നിരവധി യാത്രക്കാർക്ക് പരിക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസും ഫാസ്റ്റ് പാസഞ്ചറും കൂട്ടിയിടിച്ച് അപകടം. നെയ്യാറിന്റെ കനാലിന് സമീപമാണ് അപകടം ഉണ്ടായത്.
കഴിഞ്ഞ ദിവസം രാവിലെ 7 .50 ഓടുകൂടിയാണ് സംഭവം. തിരുവനന്തപുരം നെയ്യാർ ഡാം വഴി വന്ന ഫാസ്റ്റ് പാസഞ്ചറും അമ്പൂരിയിൽ നിന്ന് നെയ്യാർ ഡാം വഴി കാട്ടാക്കടയിലേക്ക് പോയ ഓർഡിനറി ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ 15 യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം. ഇവരിൽ 4 പേരുടെ പരുക്ക് ഗുരുതരമാണ്. ഈ യാത്രക്കാരുടെ മുഖത്താണ് പരുക്കേറ്റിരിക്കുന്നത്.
അപകടത്തെ തുടർന്ന് ഓർഡിനറി ബസിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്തിട്ടുണ്ട്. ഓർഡിനറി ബസ് ഡ്രൈവർ മണികുട്ടനെ ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്.
ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരുക്കേറ്റ 22 പേരെ മണിയറവിള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇരു ബസുകളുടെയും ഡ്രൈവർമാരിരുന്ന ക്യാബിനുകൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അതേസമയം അപകടമുണ്ടായ കനാലിന്റെ വശം റോഡ് തകർന്ന് അപകടഭീഷണി ഉയർത്താൻ തുടങ്ങിയിട്ട് വർഷങ്ങളാകുന്നുവെന്നാണ് നാട്ടുകാർ ഉയർത്തുന്ന പരാതി.
അപകടഭീതി മൂലം ഒരേ സമയം ഒരു വലിയ വാഹനത്തിന് മാത്രമാണ് അത് വഴി കടന്നു പോകാൻ കഴിയുക. ആ പ്രദേശത്താണ് അപകടം നടന്നത്.
കനാലിന് വശം കോൺക്രീറ്റ് കെട്ടി സുരക്ഷിതമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
സുന്നത്ത് കർമം ചെയ്യുന്നതിനായി അനസ്തേഷ്യ നൽകി; 2 മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം
കോഴിക്കോട്: സുന്നത്ത് കർമം ചെയ്യുന്നതിനായി അനസ്തേഷ്യ നൽകുന്നതിനിടെ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വെച്ചാണ് സംഭവം.
ചേളന്നൂര്‍ പള്ളിപ്പൊയില്‍ മുതുവാട് സ്കൂളിനു സമീപം താമസിക്കുന്ന പൂവനത്ത് ഷാദിയ, ഫറോക്ക് സ്വദേശി ഇംത്യാസ് ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള മകൻ എമിൽ ആദം ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് കുട്ടിയെ സുന്നത്തിനായി കുടുംബം കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചത്. ശസ്ത്രക്രിയക്ക് മുമ്പായി പ്രാഥമികമായി കുട്ടിക്ക് അനസ്തേഷ്യ നൽകുകയായിരുന്നു.
എന്നാൽ ചികിത്സയോട് കുട്ടി പ്രതികരിക്കാത്തതിനെത്തുടർന്ന് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തിക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നുവെന്നാണ് വിവരം.
ഉടൻ തന്നെ കുടുംബം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കുട്ടി മരിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
സംഭവത്തിൽ വീട്ടുകാരുടെ പരാതിയിൽ കാക്കൂർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
Summary: A tragic road accident in Bengaluru claimed the life of a Malayali student, Alby John Joseph (18), a native of Kakoli, West Kodungallur, Ernakulam.









