തിരുവനന്തപുരം: തീയിൽ അകപ്പെട്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. തിരുവനന്തപുരം പാറശ്ശാല പൂഴിക്കുന്നിലാണ് ദാരുണ സംഭവം നടന്നത്. പൂഴിക്കുന്ന് സ്വദേശി മുരളീധരൻ (85) ആണ് മരിച്ചത്. ചവര്‍ കത്തിക്കുന്നതിനിടെയാണ് അപകടം.
സ്വന്തം പറമ്പിൽ ചവറു കൂട്ടിയിട്ട് കത്തിക്കുന്നതിനിടയിലാണ് സംഭവം. ഇതിനിടെ മുരളീധരൻ തീയിലേക്ക് വീണതാണെന്നാണ് നിഗമനം. പൊള്ളലേറ്റ നിലയിൽ മുരളീധരൻ കിടക്കുന്നത് കണ്ട പരിസരവാസികളാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്.
ഫയര്‍ഫോഴ്സെത്തി തീയണിച്ചശേഷമാണ് മുരളീധരനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കാസർഗോഡ്- കുമ്പള ദേശീയപാതയിൽ വാഹനാപകടം; യുവാവ് മരിച്ചു
കുമ്പള: കാസർഗോഡ് കുമ്പള ദേശീയപാതയിൽ ബൈക്കിൽ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ത്യാംപണ്ണ പൂജാരിയുടെ മകൻ രവിചന്ദ്ര (35) നാണ് വാഹനാപകടത്തിൽ മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 1.15ഓടെ ഷിറിയ പെട്രോൾ പമ്പിന് മുമ്പിലായാണ് അപകടം നടന്നത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.