പാലക്കാട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങൾക്ക് പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കാനായി പോസ്റ്റ്‌മോര്‍ട്ടം നടത്തും. നാളെയാണ് പോസ്റ്റ്‌മോര്‍ട്ടം നിശ്ചയിച്ചിരിക്കുന്നത്. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് സംശയിക്കുന്നത്. പുലിയെ കൂട്ടിലാക്കുന്നതിനായി വച്ച മയക്കുവെടി ശരീരത്തിൽ തട്ടി തെറിച്ചു പോയിരുന്നു. അതിനാൽ തന്നെ മരുന്ന് വളരെ കുറച്ച് മാത്രമേ പുലിയുടെ ശരീരത്തിൽ കയറിയിരുന്നുള്ളൂ എന്നാണ് അധികൃതർ പറയുന്നത്.
ഏറെ നേരം കമ്പിവേലിയിൽ തൂങ്ങിക്കിടന്നതിനാൽ ആന്തരികാവയവങ്ങളെ തകരാറിലാക്കിയിരിക്കാം എന്നാണ് കരുതുന്നത്. പുലിയുടെ കാലിനും വാലിനും വയറിലും കമ്പിവേലിയിൽ കുടുങ്ങി പരിക്കേറ്റിരുന്നു. ഏറെ നേരം ഇത്തരത്തിൽ കുടുങ്ങിക്കിടന്നതും തിരിച്ചടിയായി. മണ്ണാര്‍ക്കാട് മുൻപ് സമാനമായ സാഹചര്യത്തിൽ കമ്പിയിൽ കുടുങ്ങിയ പുലി മരിച്ചത് ആന്തരിക രക്തസ്രാവം മൂലമായിരുന്നു.
നാല് വയസ് തോന്നിക്കുന്ന പെൺപുലിയാണ് വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിൽ കുടുങ്ങിയത്. മണിക്കൂറുകൾ നീണ്ട ദൗത്യത്തിനൊടുവിലാണ് ആർആർടി സംഘം പുലിയെ കൂട്ടിലാക്കിയത്. മയക്കുവെടി വെച്ച് നിരീക്ഷണത്തിന് ശേഷമായിരുന്നു ആർആർടി സംഘം പുലിയുടെ സമീപത്തെത്തിയത്.
Read More: 45 പൈസ നൽകിയാൽ 10 ലക്ഷത്തിന്റെ പരിരക്ഷ; റെയിൽവേയുടെ ഇൻഷൂറൻസ് സ്കീം വിശദാംശങ്ങള്‍ ഇങ്ങനെ
Read More: ഡൽഹി, മുംബൈ, ബെംഗളൂരു… പ്ലീസ് സ്റ്റെപ് ബാക്ക്; ജീവിക്കാൻ നല്ല സ്ഥലങ്ങൾ ഇനി തൃശൂരും കൊച്ചിയും