പ്രവാസികൾക്ക് കുടുംബ വീസ പുതുക്കൽ ഇനി അത്ര എളുപ്പമാകില്ല; ഇരുട്ടടിയായി പുതിയ നിയമം
ഒമാനിൽ പ്രവാസികളുടെ കുടുംബ വീസ, കുട്ടികളുടെ ഐഡി കാർഡ് പുതുക്കൽ, ജീവനക്കാരുടെ ഐഡി കാർഡ് പുതുക്കൽ എന്നിവക്ക് ഇനി കൂടുതൽ രേഖകൾ ഹാജരാക്കേണ്ടതായി സുപ്രധാന നിബന്ധനകൾ നടപ്പിലാക്കി. കഴിഞ്ഞ ദിവസമാണ് പുതിയ പരിഷ്‌കരണം പ്രാബല്യത്തിൽ വന്നത്.
കുട്ടികളുടെ ഐഡി കാർഡ് പുതുക്കൽ
കുട്ടികളുടെ ഐഡി കാർഡ് പുതുക്കുന്നതിന് മൂന്ന് പ്രധാന രേഖകൾ ആവശ്യമാണ്: ഒറിജിനൽ പാസ്‌പോർട്ട്, വീസ പേജ് പകർപ്പ്, ജനന സർട്ടിഫിക്കറ്റ് (വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിരിക്കണം). പുതുക്കൽ സമയത്ത് മാതാപിതാക്കൾ ഇരുവരും ഹാജരാകണം.
കുടുംബ വീസ പുതുക്കൽ
പങ്കാളിയുടെ വീസ പുതുക്കുന്നതിനായി വിവാഹ സർട്ടിഫിക്കറ്റ് (വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തിയിരിക്കണം), ഭർത്താവിന്റെയും ഭാര്യയുടെയും ഒറിജിനൽ പാസ്‌പോർട്ടുകൾ എന്നിവ ഹാജരാക്കേണ്ടതാണ്. ഈ നടപടിയിൽ ഭർതൃഭാര്യ ഇരുവരും ഹാജരാകണം.
ജീവനക്കാരുടെ ഐഡി കാർഡ് പുതുക്കൽ
ജീവനക്കാരുടെ ഐഡി കാർഡ് പുതുക്കുന്നതിനായി ആവശ്യമായ രേഖകൾ: ഒറിജിനൽ പാസ്‌പോർട്ട്, പഴയ ഐഡി കാർഡ്, വീസ പേജ് (പ്രോസസ്സിങ് ഓഫീസ് ആവശ്യപ്പെടുന്ന പകർപ്പ് അല്ലെങ്കിൽ ഒറിജിനൽ) എന്നിവയാണ്.
അധികാരിക പ്രഖ്യാപനം ഉണ്ടായിട്ടില്ല
ഇതുവരെ പുതിയ രേഖാപ്രക്രിയയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടന്നിട്ടില്ല. എന്നാൽ, ഇപ്പോൾ പ്രാബല്യത്തിൽ വന്ന പുതിയ നിബന്ധനകൾ പ്രാവർത്തികമായി പ്രയോഗിക്കപ്പെടുകയാണ്.
പ്രവാസികളും അവരുടെ കുട്ടികളും ജീവനക്കാരും ഈ രേഖകൾ തയ്യാറാക്കി നവീകരണ നടപടികൾക്കെത്തേണ്ടത് നിർബന്ധമാണ്.









