മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തെ തുടർന്ന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ബന്ധു പിടിയിൽ. നാരങ്ങാനം കടമ്മനിട്ട കല്ലേലിമുക്ക് പുതുപറമ്പില്‍ വീട്ടില്‍ വര്‍ഗീസ് മാത്യു(38) ആണ് ആക്രമണത്തിനിരയായത്. മുഖത്തും ശരീരത്തിലും ഗുട്ടരുതര പൊള്ളലാണ് സംഭവിച്ചത്. ആക്രമണത്തിൽ വർഗീസിന്റെ കാഴ്ച നഷ്ടപ്പെട്ടതായി സംശയിക്കുന്നു.
മാത്യുവിന്റെ അമ്മാവനും അയല്‍വാസിയുമായ പുതുപറമ്പില്‍ വീട്ടില്‍ ബിജു വർഗീസാണ് (55)ആക്രമണം നടത്തിയത്. ആക്രമണത്തിനു ശേഷം രക്ഷപെട്ട ബിജുവിനെ പിന്നീട് കല്ലേലിമുക്കില്‍ നിന്നാണു പൊലീസ് പിടികൂടിയത്. സ്റ്റേഷനില്‍ എത്തിച്ചു ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 10.30 നായിരുന്നു സംഭവം. കൂലിപ്പണിക്കാരായ വർഗീസും അമ്മാവൻ ബിജുവും ദിവസവും ജോലി കഴിഞ്ഞെത്തി ഒരുമിച്ചിരുന്നു മദ്യപിക്കാറുണ്ട്. പതിവുപോലെ കഴിഞ്ഞദിവസം രാത്രിയും മദ്യപിച്ചു. അതിനിടെ വാക്കുതര്‍ക്കം ഉണ്ടായപ്പോള്‍ രാത്രി 10.30ന് ബിജു വര്‍ഗീസ് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് വര്‍ഗീസിനു നേരെ ഒഴിക്കുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ വർഗീസിനെ ഒരു മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. വെന്റിലേറ്ററില്‍ കഴിയുന്ന യുവാവിന്റെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.