പൊട്ടിത്തെറിച്ച കാർ മൂന്ന് മണിക്കൂറിലേറെ പാര്‍ക്കിങ് ഗ്രൗണ്ടില്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ഡൽഹിയിലെ ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപം സ്‌ഫോടനം നടന്ന ഹ്യുണ്ടായി ഐ20 കാറിനെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി അന്വേഷണ ഏജൻസികൾ.
വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞെങ്കിലും കാർ ഒന്നിലധികം തവണ കൈമാറപ്പെട്ടിട്ടുണ്ടെന്ന വിവരമാണ് പുറത്തുവരുന്നത്.
മുഹമ്മദ് സല്‍മാനാണ് കാറിന്റെ ആദ്യ ഉടമ. ഇയാളിൽ നിന്ന് ദേവേന്ദ്രയും പിന്നീട് നദീമും വാഹനം വാങ്ങി. തുടർന്ന് ഫരീദാബാദ് സെക്ടർ 37 ലെ റോയല്‍ കാര്‍ സോണ്‍ എന്ന സെക്കൻഡ്-ഹാൻഡ് കാർ ഡീലർഷിപ്പിലേക്കും വാഹനം കൈമാറി.
അവിടെ നിന്ന് അമീർ എന്നയാളും, പിന്നീട് പുൽവാമ സ്വദേശി താരിഖും കാർ സ്വന്തമാക്കി. കഴിഞ്ഞ മാസം 29-നാണ് താരിഖ് വാഹനം വാങ്ങിയതെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്.
താരിഖിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കാർ വാങ്ങിയപ്പോൾ നല്‍കിയ മൊബൈൽ നമ്പറുകൾ എല്ലാം സ്വിച്ച് ഓഫ് ആകുകയും ഇതോടെ ഗൂഢാലോചനയ്ക്കുള്ള സാധ്യത ഏറുകയുമാണ് ചെയ്തിരിക്കുന്നത്.
ഡല്‍ഹി നഗരത്തിലൂടെ കാർ സഞ്ചരിക്കുന്നതിന്റെയും പാർക്ക് ചെയ്തിരിക്കുന്നതുടെയും സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നു.
ചെങ്കോട്ടയ്ക്ക് സമീപമുള്ള സുനഹ്റി മസ്ജിദിന് സമീപം കാർ ഏകദേശം മൂന്ന് മണിക്കൂറോളം പാർക്ക് ചെയ്തിരുന്നു.
വൈകിട്ട് 3.19-ന് പാർക്കിങ് ഏരിയയിലേക്ക് പ്രവേശിച്ച കാർ 6.48-ന് പുറത്തേക്ക് പോകുന്നത് ദൃശ്യങ്ങളിലുണ്ട്. പുറത്തേക്ക് പോയതിന് വെറും നാല് മിനിറ്റിനുള്ളിലാണ് സ്‌ഫോടനം നടന്നത്.
ആളുകൾ കൂടുതൽ ഒത്തുകൂടുന്ന സമയത്തിനായി ബോംബ് സ്‌ഫോടനം ക്രമീകരിച്ചതാകാമെന്നാണ് ഡൽഹി പോലീസിന്റെ നിഗമനം.
സ്‌ഫോടനത്തിൽ 9 പേർ കൊല്ലപ്പെടുകയും 24 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവം ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, ആക്രമണത്തിന് പിന്നിലുള്ളവരെക്കുറിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.
English Summary
Investigative agencies are tracing the Hyundai i20 car that exploded near the Red Fort Metro Station in Delhi. Although the original owner has been identified, the vehicle changed hands multiple times.
red-fort-car-blast-hyundai-i20-traced-multiple-owners-probe









