യുവതിയുമായി വേടൻ നടത്തിയ സാമ്പത്തിക ഇടപാടുകൾ സ്ഥിരീകരിച്ച് പൊലീസ്
കൊച്ചി: ഹിരൺദാസ് മുരളി എന്ന റാപ്പർ വേടനെതിരെ നടപടികൾ കടുപ്പിച്ച് പോലീസ്. തൃക്കാക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡന കേസിന് പിന്നാലെയാണ് നടപടി. യുവതിയുമായി വേടൻ നടത്തിയ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു. പലപ്പോഴായി 31000 രൂപ വേടൻ തന്റെ കയ്യിൽ നിന്നും കൈപ്പറ്റിയിട്ടുണ്ടെന്നായിരുന്നു യുവതിയുടെ മൊഴി. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ പെൺകുട്ടി യുവതി ഹാജരാക്കിയിട്ടുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി കൊച്ചിയിലും, കോഴിക്കോടും പരിശോധനകൾ നടത്തും.
അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും ഫ്ലാറ്റുകളിൽ വച്ച് പീഡിപ്പിച്ചെന്നുമാണ് യുവതി നൽകിയ മൊഴി. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. മുൻപ് ലഹരി കേസിൽ ഉൾപ്പെടെ പ്രതിയായ ആളാണ് റാപ്പർ വേടൻ. ദളിത് രാഷ്ട്രീയത്തെ കുറിച്ചും രാഷ്ട്രീയ ശരികളെ പറ്റിയും താളാത്മകമായ വരികൾ ചടുലാത്മകമായി പാടി യുവാക്കൾക്കിടയിൽ വേടൻതരംഗമായി മാറിയിരുന്നു.
വേടൻ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകും
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ റാപ്പർ വേടൻ ഹൈക്കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യാപേക്ഷ നൽകും.നടപടിക്രമങ്ങൾ പൂർത്തിയായാൽ ജാമ്യാപേക്ഷ ഉച്ചയ്ക്ക് ശേഷം ഹൈക്കോടതി സിംഗിൾ ബെഞ്ച് പരിഗണിക്കും.വേടന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി കൊച്ചി സിറ്റി പൊലീസിനോട് വിശദീകരണം തേടിയേക്കും. യുവ ഡോക്ടർ നൽകിയ പരാതിയിൽ വേടനെതിരെ കഴിഞ്ഞ ദിവസം രാത്രിയാണ് തൃക്കാക്കര പൊലീസ് കേസെടുത്തത്.
2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഇൻസ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവിൽ കോഴിക്കോട്ടെ ഫ്‌ളാറ്റിൽ വെച്ച് വേടൻ ബലാത്സംഗം ചെയ്തുവെന്നുമാണ് യുവഡോക്ടറുടെ മൊഴി.വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടൻ പീഡിപ്പിച്ചുവെന്നും യുവതി നൽകിയ മൊഴിയിലുണ്ട്. 2023 ലാണ് വേടൻ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു.
ടോക്‌സിക് ആണ് സ്വാർത്ഥയാണ് എന്നുൾപ്പെടെ ആരോപിച്ചാണ് തന്നെ വേടൻ ഒഴിവാക്കിയതെന്നാണ് ഡോക്ടറുടെ മൊഴി. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയർന്നിരുന്നു.തൃശൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയിൽ ഏതാനും മാസം മുൻപ് വേടനെതിരെ പീഡനത്തിനിരയായ ഒരു യുവതി ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.ഇത് ശ്രദ്ധയിൽപെട്ട് അന്വേഷിച്ചപ്പോൾ തനിക്കുണ്ടായതിന് സമാനമായ ക്രൂരമായ ലൈംഗിക ബന്ധത്തിൻ്റെ അനുഭവങ്ങളാണ് എന്ന് ബോധ്യമായി.
സമാന ദുരനുഭവങ്ങൾ നേരിട്ട മറ്റു ചിലരോടും സംസാരിക്കാൻ കഴിഞ്ഞതോടെയാണ് നിയമനടപടിക്ക് തീരുമാനിച്ചതെന്ന് പരാതിയിൽ പറയുന്നു.മീടൂ വെളിപ്പെടുത്തലായും മറ്റും ആരോപണങ്ങളിൽ ചിലത് നേരത്തെ പുറത്തുവന്നപ്പോൾ, ഇരകളോടെല്ലാം താൻ മാപ്പ് പറഞ്ഞിട്ടുണ്ട് എന്ന് പ്രഖ്യാപിച്ച് വേടൻ തലയൂരാൻ ശ്രമിച്ചു.അതേസമയം തന്നെ അപകീർത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പരാതിയെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ പ്രതികരിച്ചിരുന്നു. തന്നെ വേട്ടയാടുകയാണ്, ആസൂത്രിത നീക്കത്തിന് തെളിവുണ്ടെന്നും വേടൻ പറഞ്ഞു.
വേടനെതിരെ പരാതി; യുവതിക്കെതിരെ സൈബർ ആക്രമണം; വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമം; ഭീഷണി
കൊച്ചി: റാപ്പർ വേടനെതിരായ ലൈംഗികാതിക്രമക്കേസിന് പിന്നാലെ പരാതി നൽകിയ യുവതിക്കെതിരെ അതിരൂക്ഷ സൈബർ ആക്രമണം.പലരും യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചെന്നും ഭീഷണി നേരിടുന്നുണ്ടെന്നും യുവതിയുടെ അഭിഭാഷക പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.വേടന്റെ പാട്ടിനോ രാഷ്ട്രീയത്തിനോ എതിരെയല്ല പരാതി നൽകിയത്. വ്യക്തിപരമായി നേരിട്ട ദുരനുഭവത്തിലാണ് പരാതിയെന്നും സ്വകാര്യതയെ മാനിക്കണം.
നിലവിൽ വ്യക്തിപരമായ ബുദ്ധിമുട്ടുകളെത്തുടർന്ന് യുവതി കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോകുന്നത്. ചികിത്സയിലൂടെയാണ് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നതെന്നും അഭിഭാഷക പറഞ്ഞു.വേടൻ എന്ന ഹിരൻദാസ് മുരളിക്കെതിരെ ബലാൽസംഗ പരാതി നൽകിയ പരാതിക്കാരിയുടെ സ്വകാര്യത മാനിക്കണം.പരാതിയിലെ വിശദാംശങ്ങളും, പരാതിക്കാരിയുടെ വിവരങ്ങളും ഇന്ന് രാവിലെ മുതൽ മാധ്യമങ്ങളിലൂടെ പുറത്ത് വന്നതിനെ തുടർന്ന് പരാതിക്കാരി അതിഭീകരമായ സമ്മർദമാണ് നേരിടുന്നത്.
ഇത്തരം കേസുകളിൽ അതിജീവിതയുടെ സ്വകാര്യത മാനിക്കുക എന്ന നിയപരമായ ബാധ്യത പോലും പരിഗണിക്കാതെ ചാനൽ പ്രതിനിധികൾ എന്ന പേരിൽ ചിലർ പരാതിക്കാരിയുടെ താമസസ്ഥലത്ത് കടന്നുചെല്ലുക പോലും ചെയ്തത് അതീവ ഗൗരവതരമാണ്. ഫോണിൽ വിളിച്ചും ബുദ്ധിമുട്ടിക്കാൻ പലരും ശ്രമിക്കുന്നുണ്ട്.ഈ കേസിലെ പ്രതിയുടെയോ അയാൾക്ക് വേണ്ടപ്പെട്ട ചിലരുടെയോ ഭാഗത്ത് നിന്നും ഇത്തരം ചില നീക്കങ്ങൾ ഉണ്ടാകുമെന്നും പരാതിക്കാരി ആശങ്കപ്പെടുന്നുണ്ട്. അത്തരം ചില വിവരങ്ങളും അവർക്ക് കിട്ടിയിട്ടുണ്ട്.മാധ്യമ പ്രതിനിധികൾ എന്ന പേരിൽ അത്തരക്കാർ കടന്നുകയറാനോ ആക്രമിക്കാനോ ഉള്ള സാധ്യതയും നിലനിൽക്കുന്നതിനാൽ, ഇക്കാര്യവും കണക്കിലെടുത്ത് മാധ്യമ പ്രവർത്തകർ ജാഗ്രത പുലർത്തണം എന്ന് പരാതിക്കാരിയുടെ അഭിഭാഷക എന്ന നിലയിൽ ഞാൻ ആവശ്യപ്പെടുന്നു.
English Summary:
Police intensify action against Malayalam rapper Vedan after a harassment case was filed at Thrikkakara station. Digital evidence also confirms financial transactions with the complainant.