കുപ്പിപ്പാലും അരച്ച പഴക്കുറുക്കും; അമ്മയുടെ ജഡത്തിനരികിൽനിന്ന് കണ്ടെത്തിയ കുട്ടിക്കുരങ്ങനെ പൊന്നുപോലെ നോക്കി വനപാലകർ
റാന്നി: വഴിയരികിൽ അമ്മയുടെ ജഡത്തിനരികിൽനിന്ന് കണ്ടെത്തിയ ഒരുമാസം മാത്രം പ്രായമുള്ള കുട്ടിക്കുരങ്ങ് വനപാലകരുടെ സ്‌നേഹപരിചരണത്തിൽ ആരോഗ്യവാനായി മാറുന്നു.
ലാക്ടജൻ ഉപയോഗിച്ചുള്ള കുപ്പിപ്പാലും അരച്ച പഴക്കുറുക്കുമാണ് വനപാലകർ കുഞ്ഞിന് നൽകുന്നത്.
രണ്ടുദിവസത്തിനുള്ളിൽ തന്നെ കുട്ടിക്കുരങ്ങ് റാന്നി ആർആർടി (റാപ്പിഡ് റെസ്‌പോൺസ് ടീം) റെസ്‌ക്യൂ ഹോമിലെ സ്ഥിരം അംഗമായി. ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ.എസ്. നിധിനാണ് കുഞ്ഞിന് പാൽ, പഴം എന്നിവ നൽകിയും പ്രത്യേക ശ്രദ്ധയോടെ പരിചരിച്ചും വരുന്നത്.
തിങ്കളാഴ്ചയാണ് പെരുമ്പെട്ടി കരിയംപ്ലാവ് റോഡിലെ ചുട്ടുമൺ ഭാഗത്ത് തള്ളക്കുരങ്ങ് ചത്തുകിടക്കുന്നതായി വനപാലകർക്ക് വിവരം ലഭിച്ചത്. വിവരം ലഭിച്ചയുടൻ എസ്എഫ്ഒ പി.കെ. രമേശും ബീറ്റ് ഫോറസ്റ്റ് ഓഫീസർ നിധിനും സ്ഥലത്തെത്തി.
ചത്തുകിടക്കുന്ന തള്ളക്കുരങ്ങിനരികിൽ ഉണ്ടായിരുന്ന കുഞ്ഞിനെ നാട്ടുകാർ വനപാലകർക്ക് കൈമാറുകയായിരുന്നു. വനത്തോട് ചേർന്ന പ്രദേശമാണ് സംഭവം നടന്നത്.
നായയോ മറ്റ് ജീവികളോ കടിച്ചതാകാം തള്ളക്കുരങ്ങിന്റെ മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടിയാണ് വനപാലകർ റെസ്‌ക്യൂ ഹോമിലെത്തിയത്.
ആ നിമിഷം മുതൽ വനപാലകരുടെ ‘അമ്മമനസ്സുള്ള’ പരിചരണത്തിലാണ് ഈ ആൺകുരങ്ങ് കുഞ്ഞ്.
English Summary
A baby monkey, found beside its dead mother on the roadside in Ranni, has recovered under the care of forest officials. The one-month-old infant is being nurtured with bottled milk and mashed fruits at the RRT rescue home. Forest officers believe the mother monkey died after being attacked by stray animals. The baby is now healthy and under constant supervision.
ranni-baby-monkey-rescued-forest-officials-care
Ranni, baby monkey rescue, forest officials, wildlife rescue, RRT rescue home, Pathanamthitta news, animal care









