ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടനത്തിന്റെ ഞെട്ടൽ ഇനിയും വിട്ടുമാറിയിട്ടില്ല. എന്നാൽ അതിനിടെ സ്‌ഫോടനത്തിന്റെ ദൃക്‌സാക്ഷിയും സംഭവസമയത്ത് കഫേയിലുണ്ടായിരുന്ന ഒരാളുടെ ചോദ്യമാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ടോക്കണ്‍ എടുത്ത് ഭക്ഷണത്തിന് കാത്തിരിക്കുമ്പോഴാണ് സ്‌ഫോടനം നടന്നതെന്നും മുന്‍കൂറായി നല്‍കിയ പണം തിരികെ ലഭിക്കുമോയെന്നാണ് ഉപഭോക്താവിന്റെ ചോദ്യം. മാധ്യമപ്രവര്‍ത്തകനായ സഞ്ജയ് രാജ് ആണ് ഉപഭോക്താവിന്റെ ആശങ്ക എക്‌സിലൂടെ പങ്കുവെച്ചത്.
സഞ്ജയ് രാജ് പറഞ്ഞത്: ‘ഞാന്‍ രാമേശ്വരം കഫേ സ്‌ഫോടനത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, സംഭവത്തിന്റെ ദൃക്‌സാക്ഷി കൂടിയായ ഒരാളെ അഭിമുഖം ചെയ്തു. സംഭവ സമയത്ത് അദ്ദേഹം സ്ഥലത്തുണ്ടായിരുന്നെന്നും കൗണ്ടറില്‍ നിന്ന് ഭക്ഷണത്തിനുള്ള ടോക്കണ്‍ വാങ്ങുകയായിരുന്നുവെന്നും പറഞ്ഞു. എന്നാല്‍ അദ്ദേഹത്തിന് ഭക്ഷണം ലഭിക്കുന്നതിന് മുന്‍പ് കഫേയില്‍ സ്‌ഫോടനം നടന്നു. അഭിമുഖത്തിന് ശേഷം അദ്ദേഹം എന്നോട് അന്വേഷിച്ചത്, കഫേ അധികൃതര്‍ തന്റെ പണം തിരികെ നല്‍കുമോ എന്നാണ്.’
എക്‌സിലെ ഈ പോസ്റ്റില്‍ വന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. ഇത്രയും ദാരുണമായ സംഭവം നടന്നിട്ട് ഭക്ഷണത്തിന്റെ പണം തിരികെ ചോദിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിക്കുന്നുയെന്നാണ് ചോദ്യങ്ങള്‍ ഉയരുന്നത്. അതേസമയം, കഴിക്കാന്‍ സാധിക്കാത്ത ഭക്ഷണത്തിന്റെ പണം തിരികെ ചോദിക്കുന്നതില്‍ എന്താണ് തെറ്റെന്ന് മറ്റൊരു വിഭാഗവും ചോദിക്കുന്നു.
അതേസമയം സ്ഫോടനത്തെ തുടർന്ന് ഏറെ ജനശ്രദ്ധ നേടിയിരിക്കുകയാണ് രാമേശ്വരം കഫേ. ദക്ഷിണേന്ത്യന്‍ ഭക്ഷണപ്രിയരുടെ പ്രധാനകേന്ദ്രമാണിത്. ബംഗലുരു നഗരത്തിലെ ദോശപ്രേമികളുടെ ഒരു ഐക്കണ്‍ സ്‌പോട്ടായ ഇവിടെ പ്രതിമാസ വിറ്റുവരവ് 4.5 കോടി രൂപയാണ്. പ്രതിവര്‍ഷം ഏകദേശം 50 കോടി രൂപ. രാമേശ്വരം കഫേ ശൃംഖലയുടെ വിപണി മൂല്യം 18,800 കോടി രൂപയാണ്. ദിനംപ്രതി 7,500 ബില്ലുകള്‍ ആണ് ഇവിടെ കൈകാര്യം ചെയ്യുന്നത്. രാവിലെ 6:30 ന് പ്രവർത്തനം ആരംഭിക്കുന്ന രാമേശ്വരം കഫേ രാത്രി ഏറെ വൈകിയാണ് അടക്കാറുള്ളത്. പാചക ലോകത്തെ സമഗ്ര സംഭവങ്ങൾക്ക് നിരവധി അവാർഡുകളും അംഗീകാരങ്ങളും നേടിയിട്ടുമുണ്ട് രാമേശ്വരം കഫേ.