രാജസ്ഥാനിൽ നിന്നും എട്ടു വർഷം കഴിഞ്ഞ സ്വകാര്യ ബസുകൾ കേരളത്തിലേക്ക് എത്തുന്നു. കേരളത്തിലെ സ്വകാര്യ ബസ് കമ്പനികളാണ് പുതിയ ബസ് വാങ്ങി ബോഡി കെട്ടി നിരത്തിലിറക്കുന്നതിന്റെ ചെലവ് കുറയ്ക്കാൻ രാജസ്ഥാനിൽ നിന്നും ബസുകൾ ഇറക്കുമതി ചെയ്യുന്നത്. രാജസ്ഥാനിൽ എട്ടു വർഷമാണ് സ്വകാര്യ ബസുകൾക്ക് സർവീസ് കാലാവധി. കേരളത്തിൽ 15 വർഷം സർവീസ് നടത്താം. Rajasthan private buses to Kerala
എട്ടു വർഷം കഴിഞ്ഞ ബസുകൾ കേരളത്തിൽ എത്തിച്ച് ബോഡി കേരളത്തിലെ ബസുകളുടെ രീതിയിൽ നവീകരിച്ച് നിരത്തിലിറക്കും. 14 ലക്ഷം രൂപയാണ് രാജസ്ഥാനിലെ പഴയ ബസ് വാങ്ങുന്നതിന് ശരാശരി വില വരിക. ബോഡി നവീകരണത്തിനും സർവീസ് ചെലവുകൾക്കും അഞ്ച് ലക്ഷം രൂപയോളമാകും.
എങ്കിലും 19 ലക്ഷം രൂപയ്ക്ക് ഏഴു വർഷം വരെ ബസ് സർവീസ് നടത്താൻ കഴിയും. എട്ടു വർഷം പഴക്കമുള്ളതിനാൽ പുതിയ ബോഡി കോഡ് അനുസരിച്ചുള്ള ബോഡിയും ഇവയ്ക്ക് നിർബന്ധമില്ല. ഇതിനു ശേഷം പൊളിച്ച് വിറ്റാൽ പോലും 2.5 ലക്ഷം രൂപ ശരാശരി ലഭിക്കും.
പുതിയ ബസ് നിരത്തിൽ ഇറക്കാനുള്ള ഭാരിച്ച ചെലവുകളാണ് രാജസ്ഥാനിൽ നിന്നും ബസുകൾ ഇറക്കുമതി ചെയ്യാൻ ബസ് ഉടമകളെ നിർബന്ധിതരാക്കുന്നത്. 31 ലക്ഷം രൂപയോളമാകും പുതിയ ഒരു ചേസ് വാങ്ങുന്നതിന്. ബോഡി കോഡ് അനുസരിച്ച് ബോഡി കെട്ടാൻ 15 ലക്ഷം വീണ്ടും മുടക്കണം.
എന്നാൽ കുറഞ്ഞ കളക്ഷൻ ലഭിക്കുന്ന ഗ്രാമീണ സർവീസുകളിൽ ഈ തുക തിരികെപ്പിടിക്കാൻ ബുദ്ധിമുട്ടാണ്. ചെലവ് കുറയ്ക്കാൻ ചില ബസ് ഉടമകൾ നാലു സിലിണ്ടറിന്റെ ചേസുകൾ ഇപ്പോൾ വാങ്ങുന്നുണ്ട്. എന്നാൽ ഇടുക്കി വയനാട് പോലെയുള്ള ഉയർന്ന മേഖലകളിൽ ഇവ ഓടിയ്ക്കാൻ ബുദ്ധിമുട്ടാണ്.
നിറയെ ആളുള്ള സമയത്ത് വലിവ് കുറവാണെന്നും ഡ്രൈവർമാർ പറയുന്നു. സാമ്പത്തികമായി കിതയ്ക്കുന്ന സ്വകാര്യ ബസ് മേഖലയെ കര കയറ്റാൻ പുതു വഴികൾ തേടുകയാണ് ബസ് ഉടമകൾ.