തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വയനാട്ടിൽ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.(Rain alert changed in kerala; yellow alert in ten districts)
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, എറണാകുളം, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ തെക്കൻ കേരളത്തിന് സമീപം ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. നവംബർ അഞ്ചോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ചക്രവാതച്ചുഴി രൂപപ്പെടാനും സാധ്യതയുണ്ട്. അതിനാൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.