408-ാം നമ്പര്‍ മുറിയില്‍ യുവതിയുമായി ഒരു മണിക്കൂറോളം ചെലവഴിച്ചു…സമ്മതിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍
പത്തനംതിട്ട: യുവതിയുമായി ഹോട്ടലിൽ എത്തിയെന്ന കാര്യം രാഹുൽ മാങ്കൂട്ടത്തിൽ സമ്മതിച്ചു. അതിജീവിതയുമായി സംസാരിക്കാനാണ് ഹോട്ടലിലെത്തിയതെന്നാണ് രാഹുലിന്റെ വിശദീകരണം.
എന്നാൽ പീഡനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ രാഹുൽ മൗനം പാലിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ സൂചന.
പത്തനംതിട്ട എ.ആർ. ക്യാംപിൽ നിന്ന് വ്യാഴാഴ്ച രാവിലെ ആറുമണിയോടെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) രാഹുലിനെ തിരുവല്ലയിലെ ക്ലബ് സെവൻ ഹോട്ടലിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
ഹോട്ടലിലെ 408-ാം നമ്പർ മുറിയിലാണ് താൻ എത്തിയതെന്ന് രാഹുൽ പൊലീസിനോട് സമ്മതിച്ചു. 2024 ഏപ്രിൽ 8-ന് ഉച്ചയ്ക്ക് 1.45ഓടെ ഹോട്ടലിലെത്തിയ താൻ, യുവതിയുമായി ഏകദേശം ഒരു മണിക്കൂറോളം അവിടെ ചെലവഴിച്ചതായും രാഹുൽ വ്യക്തമാക്കി.
ഹോട്ടൽ രജിസ്റ്ററിൽ ‘രാഹുൽ ബി.ആർ’ എന്ന പേരിലാണ് ഒപ്പിട്ടിരിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതാണ് രാഹുലിന്റെ യഥാർത്ഥ പേരെന്നും പൊലീസ് പറയുന്നു.
സംഭവമുണ്ടായതായി പറയുന്ന മുറിയിലും രാഹുലിനെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ഏകദേശം 15 മിനിറ്റോളം ഹോട്ടലിൽ തെളിവെടുപ്പ് നീണ്ടു.
തെളിവെടുപ്പിനായി ഹോട്ടലിലെത്തുമ്പോൾ പുഞ്ചിരിച്ച മുഖത്തോടെയായിരുന്നു രാഹുൽ എത്തിയതെങ്കിലും, മടങ്ങുമ്പോൾ മുഖത്ത് ഗൗരവം നിറഞ്ഞതായാണ് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നത്.
ഹോട്ടൽ രജിസ്റ്റർ പ്രകാരം സംഭവദിവസം 408-ാം നമ്പർ മുറി അതിജീവിതയുടെ പേരിലായിരുന്നുവെന്നും, ഒപ്പമുണ്ടായിരുന്ന വ്യക്തിയായി രാഹുൽ ബി.ആർ എന്ന പേര് രേഖപ്പെടുത്തിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സംഭവദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ല. 21 മാസം പിന്നിട്ടതിനാൽ ദൃശ്യങ്ങൾ വീണ്ടെടുക്കാനാകുമോയെന്നറിയാൻ ഹാർഡ് ഡിസ്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തെളിവെടുപ്പിന് ശേഷം രാഹുലിനെ വീണ്ടും പത്തനംതിട്ട എ.ആർ. ക്യാംപിലേക്ക് മാറ്റി.
അന്വേഷണത്തോട് രാഹുൽ സഹകരിക്കുന്നില്ലെന്നാണ് വിവരം. അതിനാൽ പാലക്കാട് ഉൾപ്പെടെ മറ്റ് സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തണമോയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വ്യാഴാഴ്ച ഉച്ചവരെയാണ് രാഹുലിന്റെ അറസ്റ്റ് കാലാവധി. പരമാവധി തെളിവുകൾ ശേഖരിക്കുന്നതിനായി കസ്റ്റഡിയിൽ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഹോട്ടലിൽ നിന്ന് കണ്ടെടുത്ത രാഹുലിന്റെ മൊബൈൽ ഫോണിന്റെ പാസ്‌വേഡ് അദ്ദേഹം പൊലീസിന് കൈമാറിയിട്ടില്ല. ഇതിനെ തുടർന്ന് വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ ഫോൺ തുറന്ന് വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
മൂന്നാമത്തെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച രാത്രി 12.30ഓടെ പാലക്കാട് കെപിഎം ഹോട്ടലിൽ നിന്നാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ലൈംഗികപീഡനക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്നു ദിവസത്തേക്കാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി SITയുടെ കസ്റ്റഡിയിൽ വിട്ടത്.
വെള്ളിയാഴ്ച രാഹുലിന്റെ ജാമ്യഹർജി കോടതി പരിഗണിക്കും. നേരത്തെ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി കസ്റ്റഡി അപേക്ഷ മാത്രമാണ് പരിഗണിച്ചതെന്നും, അറസ്റ്റ് നടപടികൾ നിയമപരമല്ലെന്നായിരുന്നു രാഹുലിന്റെ അഭിഭാഷകന്റെ വാദം.
English Summary
Rahul Mankootathil admitted to visiting a hotel with the survivor, stating that the purpose was to talk to her. However, he reportedly remained silent on questions related to sexual assault. The SIT conducted evidence collection at a hotel in Thiruvalla, where Rahul confirmed staying in Room 408. Investigators are continuing custody interrogation as part of multiple rape cases, while bail proceedings are scheduled to be heard on Friday.
rahul-mankootathil-hotel-visit-admission-sit-evidence-collection
Rahul Mankootathil, Sexual Assault Case, SIT Investigation, Thiruvalla Hotel, Kerala Politics, Crime News









