തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനു ജാമ്യം അനുവദിച്ച് കോടതി. നാലു കേസുകളിലും ജാമ്യം ലഭിച്ച രാഹുൽ ഇന്ന് ജയിൽ മോചിതനാകും. 50,000 രൂപ കെട്ടിവയ്ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുക എന്നീ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തെ തുടർന്ന് കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കന്റോൺമെന്റ് പൊലീസ് ഒരേ സംഭവത്തിൽ എടുത്ത 3 കേസിൽ 2 എണ്ണത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഡിജിപി ഓഫിസ് മാർച്ചുമായി ബന്ധപ്പെട്ട കേസ് സിജെഎം കോടതിയും, സെക്രട്ടറിയേറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസ് ജില്ലാ കോടതിയുമാണ് പരിഗണിച്ചത്.
അതേസമയം കോടതിയിൽ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. പൊലീസിനെ രാഹുൽ മാങ്കൂട്ടത്തിൽ ആക്രമിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി. ആക്രമണത്തിൽ പ്രധാന പങ്കാളിയാണ് രാഹുൽ. ആക്രമണത്തിന് നേതൃത്യം കൊടുത്തു. പ്രാഥമിക അന്വേഷണം നടത്തിയ ശേഷം മാത്രമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യമുണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. രാഹുൽ സമരം ഉദ്ഘാടനം നടത്തുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗവും കോടതിയെ അറിയിച്ചു. സർക്കാരിനെതിരെയുള്ള പ്രതിഷേധമാണ് നടന്നത്. പൊലീസാണ് പ്രതിക്കെതിരെ ആക്രമണം നടത്തിയത്. മെഡിക്കൽ രേഖകൾ വ്യാജമല്ലെന്നും പ്രതിഭാഗം വാദിച്ചു.
Read Also: ഇന്ന് സൗഭാഗ്യ ദിനമെന്ന് പ്രധാനമന്ത്രി; 4000 കോടിയുടെ പദ്ധതികള്‍ സമർപ്പിച്ചു