മാങ്കൂട്ടത്തിൽ പുറത്ത് വിട്ടത് പഴയ ശബ്ദ സന്ദേശം, അന്ന് കാര്യങ്ങൾ തുറന്ന് പറയാതിരുന്നത് പേടിച്ചിട്ട്’; ട്രാൻസ് വുമൺ അവന്തിക
തിരുവനന്തപുരം:
രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പുറത്ത് വിട്ടത് പഴയ ശബ്ദ സന്ദേശമാണെന്ന് ട്രാൻസ് വുമൺ അവന്തിക. ഇപ്പോൾ രാഹുൽ പുറത്തു വിട്ടത് തന്റെ തുറന്നുപറച്ചിലിനു മുൻപ് ആഗസ്റ്റ് ഒന്നിനുള്ള ശബ്ദ സന്ദേശമാണെന്ന് അവന്തിക പറഞ്ഞു., അന്ന് ഭയത്താൽ തന്നെ എല്ലാം തുറന്നു പറയാൻ ധൈര്യമുണ്ടായിരുന്നില്ലെന്നും അവന്തിക പറഞ്ഞു. ഇപ്പോഴാണ് അതേ മാധ്യമപ്രവർത്തകനോട് തന്നെ മുഴുവൻ സംഭവവും തുറന്നുപറഞ്ഞതെന്നും അവർക്കും കൂട്ടിച്ചേർത്തു.
പഴയ ശബ്ദസന്ദേശം ഇപ്പോൾ പുറത്തുകൊണ്ടുവന്ന് വാദം നടത്തേണ്ട കാര്യമില്ലെന്ന് അവന്തിക വ്യക്തമാക്കി. രാഹുലിന്റെ നിലപാട് ഒരു ഗൂഢാലോചനയുടെ ഭാഗം മാത്രമാണെന്നും, എന്തുകൊണ്ടാണ് ടെലഗ്രാമിലൂടെ നടത്തിയ ചാറ്റുകളെക്കുറിച്ച് അദ്ദേഹം സംസാരിക്കാത്തതെന്നും അവന്തിക ചോദിച്ചു. വാനിഷ് മോഡിലാണ് രാഹുൽ സന്ദേശങ്ങൾ അയക്കുന്നത്. അപ്പോൾ ഒരു പ്രാവശ്യം കണ്ട സന്ദേശം പിന്നീട് കാണാൻ സാധിക്കാത്തതിനാൽ തന്നെ രാഹുൽ ഇപ്പോൾ ശബ്ദസന്ദേശങ്ങൾ നിരത്തുന്നതെന്ന് അവന്തിക ആരോപിച്ചു.
അവന്തിക വിശദീകരിച്ചതനുസരിച്ച്, ഓഗസ്റ്റ് ഒന്നിന് രാത്രി 8.24ന് ഒരു ന്യൂസ് റിപ്പോർട്ടർ തന്നെ വിളിച്ചു. രാഹുൽ തനിക്കെതിരെ മോശമായി സംസാരിച്ചിട്ടുണ്ടെന്ന് അറിഞ്ഞതിനാലായിരുന്നു മാധ്യമപ്രവർത്തകൻ ബന്ധപ്പെട്ടത്. അന്ന് ധൈര്യം കുറവായതിനാൽ മുഴുവൻ കാര്യവും തുറന്ന് പറയാനായില്ല. എന്നാൽ പിന്നീട് നടി പൊതുവേദിയിൽ രാഹുലിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയതോടെയാണ് താനുമുള്ള ദുരനുഭവം വെളിപ്പെടുത്താനുള്ള മനോഭാവം ഉണ്ടായത്. അതിനുശേഷം തന്നെയാണ് മാധ്യമപ്രവർത്തകനോട് സത്യാവസ്ഥ തുറന്നു പറഞ്ഞതെന്നും അവന്തിക പറഞ്ഞു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ, അവന്തിക തന്നെ വിളിച്ച് സംസാരിച്ചതിന്റെ തെളിവായി ശബ്ദസന്ദേശം പുറത്തുവിട്ടു. “ചേട്ടനെ കുടുക്കാനുള്ള ശ്രമമാണെന്നു തോന്നുന്നു, കോൾ റെക്കോർഡ് ചെയ്തിട്ടുണ്ട്” എന്നു തന്നെ അവന്തിക പറഞ്ഞുവെന്നും, അതാണ് തെളിവായി പുറത്തുവിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ മേൽ ആക്രമണമുണ്ടായാൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ കഴിയുന്ന സമൂഹത്തിലാണ് താൻ ജീവിക്കുന്നതെന്നും അതിനുള്ള ധൈര്യമുണ്ടെന്നും ശബ്ദസന്ദേശത്തിൽ അവന്തിക പറയുന്നുണ്ടെന്ന് രാഹുൽ ചൂണ്ടിക്കാട്ടി.
ഇതിനിടെ, അവന്തിക തുറന്നുപറച്ചിലിന് പിന്നാലെ വലിയ തോതിൽ സൈബർ ആക്രമണം നേരിടുന്നുവെന്ന് ആരോപിച്ചു. മാനസികമായി തളർന്ന അവസ്ഥയിലാണ് താനിപ്പോൾ കഴിയുന്നതെന്നും അവൾ പറഞ്ഞു.
രാഹുലിനെതിരെയുള്ള ആരോപണങ്ങൾ ശക്തമായ സാഹചര്യത്തിൽ, കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് പ്രതികരിച്ചത് അഭ്യൂഹങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും, ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്നും ആയിരുന്നു. മുതിർന്ന നേതാക്കളുമായി താനും പ്രതിപക്ഷ നേതാവും ഇതിനകം തന്നെ ആശയവിനിമയം നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഔദ്യോഗികമായി രാജി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും, പാർട്ടിയിൽ നിന്ന് തന്നെ ചില വിഭാഗങ്ങൾ രാജി ആവശ്യപ്പെടുന്നുണ്ട്. പ്രതിപക്ഷ പാർട്ടികളും സമാനമായ ആവശ്യം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, കോൺഗ്രസ് നേതാവ് കെ. മുരളീധരൻ പ്രതികരിച്ചത്, രാഹുലിന് ഇപ്പോൾ രാജി വയ്ക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു. “എഴുതിപരാതി കിട്ടിയാൽ മാത്രമേ പാർട്ടി ഗൗരവത്തിൽ വിഷയമെടുക്കൂ. ഇപ്പോൾ അത്തരത്തിലുള്ള എഴുത്തുപരാതി ഒന്നും വന്നിട്ടില്ല. പരാതി ഇല്ലാത്തിടത്തോളം എംഎൽഎയെ രാജിവയ്ക്കാൻ പാർട്ടിക്ക് സാധിക്കില്ല” എന്നും അദ്ദേഹം പറഞ്ഞു. എഐസിസി നേതൃത്വവും ഇതേ നിലപാടാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾക്കിടെ പാർട്ടിക്കുള്ളിലും പുറത്തും അഭിപ്രായവ്യത്യാസങ്ങൾ തുടരുകയാണ്. ഒരു വിഭാഗം നേതാക്കൾ രാജി ആവശ്യപ്പെടുമ്പോൾ, മറ്റൊരു വിഭാഗം പരാതി തെളിവുകളോടെ വരുന്നത് വരെ തീരുമാനത്തിൽ എത്തേണ്ടതില്ലെന്നാണ് വ്യക്തമാക്കുന്നത്.
English Summary :
Trans woman Avantika says Rahul Mamkootathil released an old voice message; allegations spark political divide within Congress and opposition.
Rahul Mamkootathil, Avantika, Congress Kerala, Political Controversy, Voice Message, Kerala Politics, K Muraleedharan, Sunny Joseph