മാവേലിക്കര: മാവേലിക്കരയിൽ നൂറോളം പേരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധയെന്ന് സ്ഥിരീകരണം.
മൂന്നു വയസുകാരി ഉൾപ്പെടെ 77 മനുഷ്യരെയും നിരവധി വളർത്തുമൃഗങ്ങളെയും കടിച്ച തെരുവ് നായക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതൽ അക്രമാസക്തനായി ആളുകളെ കടിച്ച തെരുവ് നായയെ ഞയറാഴ്ച്ച ചത്തനിലയിൽ കണ്ടെത്തിയിരുന്നു.
നാട്ടുകാർ ചേർന്ന് കുഴിച്ചിട്ട തെരുവ്നായയെ നഗരസഭയുടെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ മുതലാണു മവേലിക്കരയിലും പരിസര പ്രദേശങ്ങളിലുമായി തെരുവ് നായയുടെ ആക്രമണമുണ്ടായത്.
മൂന്നു വയസ്സുകാരി ഉൾപ്പെടെ 77 ഓളം പേർക്കോണ് തെരുവുനായയുടെ കടിയേറ്റത്. പുതിയകാവ്, കല്ലുമല, തഴക്കര, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, നഗരസഭ സ്വകാര്യ ബസ് സ്റ്റാൻഡ്, എ.ആർ. ജംഗ്ഷൻ, നടയ്ക്കാവ്, പ്രായിക്കര, കണ്ടിയൂർ, പറക്കടവ്, പനച്ചമൂട് ഭാഗങ്ങളിലാണ് തെരുവുനായ ആളുകളെ ഓടിച്ചിട്ട് കടിച്ചത്.
കടിച്ച നായയെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും അതിന്സാധിച്ചിരുന്നില്ല. ഞായറാഴ്ച ചെട്ടികുളങ്ങര കണ്ണമംഗലത്തെ ഒരു വസ്തുവിൽ ചത്തനിലയിൽ കാണപ്പെട്ട തെരുവ്നായയെ ചിലർ കുഴിച്ചുമൂടുകയായിരുന്നു.
നായയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ജനങ്ങളുടെ ഭീതി അകറ്റുവാൻ അധികൃതർ തയാറാകാതെ കുഴിച്ചു മുടിയതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ നായയുടെ മൃതദേഹം പുറത്തെടുത്ത് പരിശോധനക്ക് അയച്ചത്.
നിലവിൽ മാവേലിക്കരയിലെ വെറ്റിനറി സർജൻ ഡോ.ആർ.അജിവിന്റെ നേതൃത്വത്തിൽ പ്രായിക്കര, പുതിയകാവ്, മാവേലിക്കര ടൗൺ എന്നിവിടങ്ങളിലെ നായയിൽ നിന്നും കടിയേറ്റിട്ടുണ്ടെന്ന് കരുതുന്ന മറ്റു നായകൾക്ക് വാക്‌സിനേഷൻ നൽകിയിരുന്നു.
എന്നാൽ നൂറ് കണക്കിന് ജീവികൾക്ക് കടിയേറ്റിട്ടുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. നൂറ് കണക്കിന് തെരുവ് നായകളുള്ള മാവേലിക്കരയിൽ പൂർണ്ണമായും വാക്‌സിനേഷൻ നൽകുക എന്നത് വലിയ പ്രശ്‌നമാണ്.