കോഴിക്കോട്: മരുമകനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ കേസിലെ പ്രതി പിടിയിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി കുണ്ടകുളവന്‍ വമ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് അഷ്ഫാഖിനെ(72)യാണ് ചേവായൂര്‍ പോലീസ് പിടികൂടിയത്. നേപ്പാളില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
2022 ലാണ് കേസിന് ആസ്പദമായ കൊലപാതകശ്രമം നടന്നത്. ബാലുശ്ശേരി സ്വദേശി ലുഖ്മാനുല്‍ ഹക്കീമിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ലുഖ്മാനുലിന്റെ ഭാര്യപിതാവാണ് പ്രതി മുഹമ്മദ് അഷ്ഫാഖാന്‍. ക്വട്ടേഷന്റെ ഭാഗമായി ബേപ്പൂര്‍ സ്വദേശിയായ ജാഷിംഷാക്ക് രണ്ടുലക്ഷം രൂപയും മുഹമ്മദ് അഷ്ഫാഖാന്‍ നല്‍കിയിരുന്നു.
ഇവര്‍ ലുക്മാനുല്‍ ഹക്കീമിനെ തട്ടിക്കൊണ്ടുപോയി എടവണ്ണ കൊണ്ടോട്ടി റോഡിലെ തടി മില്ലില്‍ എത്തിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. ചെങ്കല്ല് കൊണ്ട് ഇടിച്ച് കൊല്ലാന്‍ ശ്രമിയ്ക്കുന്നതിനിടെ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് കേസ് അന്വഷണം നടക്കുന്നതിനിടെ വിദേശത്തേക്ക് മുങ്ങിയ അഷ്ഫാഖിനെ കഴിഞ്ഞ ദിവസമാണ് ചേവായൂര്‍ പൊലീസ് നേപ്പാളില്‍ വച്ച് പിടികൂടിയത്.