ദോഹ: 28000ത്തോളം മൈനകളെ പിടികൂടി കൂട്ടിലടച്ച്ഖത്തർ പരിസ്ഥിതി മന്ത്രാലയം. പാരിസ്ഥിതിക സന്തുലനത്തിന്റെ ഭാഗമായാണ് മൈനകളുടെ എണ്ണം നിയന്ത്രിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.
ഇതിനായി വിപുലമായ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു.ഖത്തറില്‍ മൈനകളുടെ എണ്ണം കൂടിയതോടെയാണ് നടപടി.
പദ്ധതിയുടെ ഭാഗമായ പ്രദേശങ്ങളില്‍ മൈനകളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. മൂന്ന് മാസത്തിനിടെ 9934 മൈനകളെ പിടികൂടിയതായും അറിയിച്ചു.
ഇതോടെ പദ്ധതിയുടെ തുടക്കം മുതല്‍ പിടികൂടിയ മൈനകളുടെ ആകെ എണ്ണം 27,934 ആയി ഉയര്‍ന്നു.പിടികൂടിയവയെ 27 സ്ഥലങ്ങളിലായി 434 കൂടുകളിലാക്കി.
മൈന സസ്യങ്ങള്‍ക്കും പക്ഷികള്‍ക്കും വരുത്തുന്ന നാശവും പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതും കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതര്‍ പറഞ്ഞു.
ഖത്തറിലേക്ക് കുടിയേറി വന്ന പക്ഷികളാണ് മൈനകള്‍. പിന്നീട് മൈനകളുടെ എണ്ണം ഗണ്യമായി കൂടിയതോടെയാണ് ഇവയെ പിടികൂടാനും വംശവര്‍ധന തടയാനും മന്ത്രാലയം തീരുമാനമെടുത്തത്.
മൈനകള്‍ മനുഷ്യര്‍ക്ക് പ്രയാസമൊന്നും സൃഷ്ടിക്കുന്നില്ല. പക്ഷേ ഇവ പ്രാദേശിക കാര്‍ഷിക മേഖലകള്‍ക്കും, മറ്റ് പക്ഷികള്‍ക്കും നാശനഷ്ടങ്ങള്‍ വരുത്തുന്നതായിട്ടാണ് കണ്ടെത്തൽ.
2009ലെ മാര്‍ക്കുല പഠനമനുസരിച്ച് മൈനകള്‍ ഏവിയന്‍ ഇന്‍ഫ്‌ലുവന്‍സ, മലേറിയ തുടങ്ങിയ രോഗങ്ങളുടെ വാഹകരാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഇത് ചില പ്രാദേശിക പക്ഷി ഇനങ്ങളുടെ വംശനാശത്തിന് വരെ കാരണമായേക്കാം. ലോകത്തിലെ ഏറ്റവും ആക്രമണാത്മകമായ ഏവിയന്‍ ഇനങ്ങളില്‍ ഒന്നായി മൈനകളെ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍) പട്ടികപ്പെടുത്തിയിട്ടുണ്ട്.
–