മലപ്പുറം: മലപ്പുറം എസ്പിയെ പിവി അന്‍വര്‍ എംഎൽഎ പൊതുവേദിയില്‍ അധിക്ഷേപിച്ചത് വിവാദമായതോടെ അൻവറിനെതിരെ പ്രമേയം പാസാക്കിയ ഐപിഎസ് അസോസിയേഷനെ പരിഹസിച്ച് പിവി അൻവർ.PV Anwar ridiculed the IPS Association for passing the resolution
ഫേസ്ബുക്ക് പേജിൽ കേരളത്തിൻ്റെയും മലപ്പുറം ജില്ലയുടേയും നിലമ്പൂരിൻ്റെയും മാപ്പ് ഇട്ടുകൊണ്ടായിരുന്നു എംഎൽഎയുടെ പരിഹാസം.
‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറം ജില്ലയുടെ മാപ്പുണ്ട്, നിലമ്പൂരിന്റെ മാപ്പുണ്ട്. ഇനിയും വേണോ മാപ്പ്.’-എന്നാണ് ഫേസ്ബുക്ക് പോസ്റ്റിലെ മാപ്പിന്റെ ചിത്രണങ്ങൾക്കൊപ്പം അൻവർ കുറിച്ചത്.
എസ്പി ശശിധരനെതിരായ അധിക്ഷേപത്തിൽ അൻവർ മാപ്പ് പറയണമെന്നാണ് ഐപിഎസ് അസോസിയേഷന്റെ പ്രമേയത്തിലുള്ളത്. മുഖ്യമന്ത്രിയെ നേരിട്ട് കണ്ടു തന്നെ പ്രതിഷേധം അറിയിക്കാനും തീരുമാനിച്ചിരുന്നു.
ഇതിൽ പ്രകോപിതനായാണ് ഫേസ്ബുക്കിൽ മാപ്പ് ചിത്രങ്ങളുമായി അൻവർ എംഎൽഎ രംഗത്തെത്തിയത്.
മലപ്പുറം ജില്ലാ പൊലീസ് അസോസിയേഷൻ സമ്മേളന പരിപാടിക്ക് എത്താൻ വൈകിയതില്‍ പ്രകോപിതനായാണ് ജില്ലാ പൊലീസ് മേധാവിക്കെതിരെ പിവി അന്‍വര്‍ രൂക്ഷ വിമര്‍ശനം നടത്തിയത്.
ഐപിഎസ് ഓഫീസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനയ്ക്ക് ആകെ നാണക്കേടാണെന്ന് പറഞ്ഞുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്.
എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്‍പി ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിടുകയായിരുന്നു.
വാഹന പരിശോധന, മണ്ണ് എടുക്കലിന് ഉള്‍പ്പെടെ അനുമതി നല്‍കാത്തത്, തന്‍റെ പാര്‍ക്കിലെ റോപ് വേ ഉണ്ടാക്കി ഉപകരണങ്ങള്‍ ഉള്‍പ്പെടെ കാണാതായി പോയിട്ടും അന്വേഷണം ഉണ്ടായിട്ടില്ല തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് ഐപിഎസ് ഉദ്യോഗസ്ഥരെ പിവി അന്‍വര്‍ രൂക്ഷമായി വിമര്‍ശിച്ചത്.
ചില പൊലീസുകാർ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി പ്രവർത്തിക്കുകയാണ്. അതില്‍ റിസര്‍ച്ച് നടത്തുകയാണ് അവര്‍. സര്‍ക്കാരിനെ മോശമാക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുകയാണ്. കേരളത്തെ ബുദ്ധിമുട്ടിക്കുക എന്ന കേന്ദ്രത്തിന്‍റെ ആവശ്യത്തിന് കുടപിടിക്കുന്നതാണ് ഇത്.
ഇപ്പോള്‍ നടക്കുന്ന ഈ പരിപാടിക്ക് താൻ എസ്‍പിയെ കാത്ത് ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നു. അദ്ദേഹം ജോലി തിരക്കുള്ള ആളാണ്. അതാണ് കാരണം എങ്കിൽ ഓക്കേ.
അല്ലാതെ താൻ കുറച്ച് സമയം ഇവിടെ ഇരിക്കട്ടെ എന്നാണ് ഉദ്ദേശിച്ചതെങ്കില്‍ എസ്‍പി ആലോചിക്കണമെന്നും പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തി.
ഇങ്ങനെ പറയേണ്ടിവന്നതിൽ ബുദ്ധിമുട്ടുണ്ട്. പക്ഷേ പറയാതെ നിവൃത്തിയില്ല. പൊലീസിന് മാറ്റം ഉണ്ടായെ തീരു. അല്ലെങ്കില്‍ ജനം ഇടപെടുമെന്നും അൻവർ പറഞ്ഞു.