മലപ്പുറം: എഡിജിപി അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പി വി അൻവർ എംഎൽഎ രംഗത്ത്. അജിത് കുമാര്‍ കവടിയാറില്‍ എം.എ. യൂസഫലിയുടെ ഹെലിപ്പാഡിന് തൊട്ടടുത്ത് വലിയ വീട് നിര്‍മിക്കുന്നുണ്ട്.PV Anwar MLA has again made serious allegations against ADGP Ajit Kumar
10 സെന്റ് അജിത് കുമാറിന്റെ പേരിലും 12 സെന്റ് സഹോദരന്റെ പേരിലും രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. 12,000 സ്‌ക്വെയര്‍ ഫീറ്റോ 15,000 സ്‌ക്വെയര്‍ ഫീറ്റോ എന്ന് ഉറപ്പുവരുത്താന്‍ പറ്റിയിട്ടില്ല. 65 മുതല്‍ 75 വരെ ലക്ഷം രൂപയാണ് സെന്റിന് വിലയെന്നും അൻവർ പറഞ്ഞു.
സോളാർ കേസ് അട്ടിമറിച്ചതിനെക്കുറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥൻ്റെ വെളിപെടുത്തൽ ഓഡിയോയും എംഎൽഎ പുറത്തുവിട്ടു. കേസ് അട്ടിമറിച്ചതിൽ പ്രധാന ഉത്തരവാദി എം ആർ അജിത്ത് കുമാറാണെന്ന് എംഎല്‍എ ആരോപിക്കുന്നത്.
‘കേരളത്തിന്റെ ചരിത്രത്തില്‍ ഇടതുപക്ഷം ഏറ്റവും ശക്തമായ സമരം നടത്തിയ കേസായിരുന്നു സോളാര്‍ കേസ്. അതെങ്ങനെ അട്ടിമറിക്കപ്പെട്ടുവെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ തന്നോട് വെളിപ്പെടുത്തി.
പാര്‍ട്ടിയേയും മുന്നണിയേയും പൊതുസമൂഹത്തേയും നന്നായി വഞ്ചിച്ച് കേസ് അട്ടിമറിച്ചു എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. അതിന്റെ പ്രധാന ഉത്തരവാദി എം.ആര്‍. അജിത് കുമാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥനാവാം അത്. ഇക്കാര്യത്തില്‍ അന്വേഷണം വരുമ്പോള്‍ അത് കണ്ടെത്തട്ടെ’, അന്‍വര്‍ പറഞ്ഞു.
എടവണ്ണക്കേസിൽ നിരപരാധിയെ എം ആർ അജിത്ത് കുമാര്‍ കുടുക്കിയെന്നും അന്‍വര്‍ ആരോപിക്കുന്നു. എടവണ്ണ യുവാവ് വെടിയേറ്റ് മരിച്ച കേസില്‍ പ്രതിയായ ഷാൻ ഒരിക്കലും ഭർത്താവിനെ കൊല്ലില്ലെന്നാണ് എന്നാണ് മരിച്ച റിദാന്റെ ഭാര്യ തന്നോട് പറഞ്ഞത്.
കേസിൽ കള്ളമൊഴി നൽകാൻ ഭാര്യക്കുമേൽ പൊലീസ് വലിയതോതിൽ സമ്മർദം ചെലുത്തി. ക്രൂരമായി മർദ്ദിച്ചു. അവർ വഴങ്ങിയില്ല. മരിച്ച റിദാൻ്റെ രണ്ട് ഫോണും കണ്ടെത്താനായിട്ടില്ലെന്നും അന്‍വര്‍ പറയുന്നു. കെസി വേണുഗോപാലുമായും എഡിജിപിക്ക് അടുത്ത ബന്ധമെന്നും പി വി അൻവർ ആരോപിക്കുന്നത്.
സോളാർ കേസിലെ പ്രതികളിൽ നിന്ന് പണം വാങ്ങി നൽകാമെന്ന് എഡിജിപി പരാതിക്കാരിയോട് പറഞ്ഞതിന് പിന്നാലെ പരാതിക്കാരി മൊഴി മാറ്റിയെന്നുമാണ് പുതിയ ശബ്ദരേഖയിലെ വെളിപ്പെടുത്തൽ.
ജീവിക്കാൻ ആവശ്യമായ പണം പ്രതികളുടെ കയ്യിൽ നിന്ന് വാങ്ങി നൽകാമെന്ന് അജിത്ത് കുമാർ സരിതക്ക് ഉറപ്പ് നൽകി. ഇതോടെ സരിത പല മൊഴികളും മാറ്റിയെന്നും അന്‍വര്‍ ആരോപിക്കുന്നു.
അജിത്ത് കുമാറിൻ്റെ സംഘം വിമാനത്താവളത്തിൽ നിന്നും കോടികളുടെ സ്വർണം കടത്തിയിട്ടുണ്ട്. മുജീബ് എന്നയാളാണ് എം.ആർ അജിത്ത് കുമാറിൻ്റെ പ്രധാന സഹായി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫോണും സംഘം ചോർത്തുന്നുണ്ട്. മുഖ്യമന്ത്രിയുടേയും ഓഫീസിലേയും ഫോൺ ചോർത്തുന്നുവെന്നും പി വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.









