ഉത്തരകൊറിയ എന്നു കേൾക്കുമ്പോൾ തന്നെ ഇരുമ്പ് മറകളും റോക്കറ്റും കിം ജോങ്ങ് ഉൻ എന്ന ഭീകരനായ ഏകാധിപതിയുമെല്ലാം സാധാരണക്കാരുടെ മനസിലെത്തും. ഇപ്പോൾ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്ങ് ഉന്നുമായി കൊറിയയിൽ ചെന്ന് കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിൻ പുടിൻ. (Putin shakes hands with Kim; Countries of the world are watching the moves)
ആണവായുധ പദ്ധതികളുടെ പേരിൽ ഐക്യ രാഷ്ട്രസഭയുടെ ഉപരോധം നേരിടുന്ന ഉത്തരകൊറിയയിൽ 24 വർഷങ്ങൾക്ക് ശേഷമാണ് ഒരു റഷ്യൻ പ്രസിഡന്റ് എത്തുന്നത്. ഉത്തരകൊറിയയിൽ നിന്നും ആയുധങ്ങൾ ഇറക്കുമതി ചെയ്യാനും സാങ്കേതിക വിദ്യകളുടെ കൈമാറ്റത്തിനുമാണ് പുടിൻ നേരിട്ടെത്തിയതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ആരോപിക്കുന്നു.
അമേരിക്കയെ സ്ഥിരമായി വെല്ലുവിളിക്കുന്ന ഉത്തരകൊറിയയെ ആയുധമണിയിച്ച് നിഴൽ യുദ്ധത്തിനുള്ള സാധ്യതയും പ്രതിരോധ വിദഗ്ദ്ധർ തള്ളിക്കളയുന്നില്ല. ഉത്തരകൊറിയയിൽ എത്തിയ പുടിന് വൻ വരവേൽപ്പാണ് ഉത്തരകൊറിയ ഒരുക്കിയത്.
ഇതിനിടെ ആർട്ടിലറി ഷെല്ലുകൾ ഉത്തരകൊറിയ റഷ്യയിലേക്ക് അയച്ചെന്ന ആരോപണവുമായി അമേരിക്കൻ സഖ്യകക്ഷിയായ ദക്ഷിണ കൊറിയ രംഗത്തെത്തി.