ആളുകേറാമലയിൽ കാന്താരി ശേഖരിക്കാൻ വന്നയാൾ കണ്ടത് കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ചനിലയിൽ മൃതദേഹം; ഒടുവിൽ പ്രതിയെ തിരിച്ചറിഞ്ഞു; പാപ്പർ അനിക്കുട്ടനെ തിരിച്ചറിയാൻ സഹായിച്ചത് ആ കന്നാസ്
കൊല്ലം: പുനലൂർ മുക്കടവ് ആളുകേറാമലയിൽ കൈകാലുകൾ ചങ്ങലകൊണ്ട് ബന്ധിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയ കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് തിരിച്ചറിഞ്ഞു.
ആലപ്പുഴ ചാരുംമൂടിന് സമീപം വേടർപ്ലാവ് സ്വദേശിയായ പാപ്പർ എന്ന അനിക്കുട്ടൻ (45) ആണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നത്.
ഇയാളെ സെപ്റ്റംബർ 17 മുതൽ കാണാതായിട്ടുണ്ട്. അനിക്കുട്ടന്റെ ചിത്രങ്ങൾ ഉൾപ്പെടുത്തി പൊലീസ് രണ്ടാമത്തെ ലുക്കൗട്ട് നോട്ടീസും പുറത്തിറക്കി.
ഷർട്ടും മുണ്ടും, കറുപ്പ് അല്ലെങ്കിൽ കാവി നിറത്തിലുള്ള ലുങ്കിയും ധരിക്കാറുള്ള അനിക്കുട്ടന് ഇരുനിറവും മെലിഞ്ഞ ശരീരവുമാണ്. കാലിൽ പൊള്ളലേറ്റ ഉണങ്ങിയ മുറിവ് പാടുണ്ടെന്നും മിക്കപ്പോഴും ഷോൾഡർ ബാഗുമായി നടക്കാറുണ്ടെന്നും പൊലീസ് അറിയിച്ചു.
ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 9497987038 (പുനലൂർ പൊലീസ് ഇൻസ്‌പെക്ടർ), 9497980205 (സബ് ഇൻസ്‌പെക്ടർ), 0475-2222700 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും അറിയിച്ചു.
ആദ്യം പേര് വെളിപ്പെടുത്താതെയായിരുന്നു പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ ലഭിച്ച സൂചനകളിലൂടെയാണ് പ്രതിയെന്ന് സംശയിക്കുന്ന അനിക്കുട്ടനിലേക്ക് അന്വേഷണം എത്തിയത്.
സെപ്റ്റംബർ 22നാണ് ആളുകേറാമലയിൽ കാന്താരി ശേഖരിക്കാൻ എത്തിയ ഒരാൾ റബ്ബർ മരങ്ങൾക്കിടയിൽ മൃതദേഹം കണ്ടെത്തിയത്. ചങ്ങലകൊണ്ട് മരത്തിൽ ബന്ധിച്ച നിലയിലായിരുന്ന മൃതദേഹം കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു.
കേസ് ദക്ഷിണ മേഖല ഡിഐജി അജിതാബീഗം നേരിട്ട് ഏറ്റെടുത്ത് അന്വേഷണം വിപുലപ്പെടുത്തി. അന്യ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
മൃതദേഹത്തിന്റെ നെഞ്ചിൽ ആഴത്തിലുള്ള മുറിവുണ്ടായിരുന്നതും കൊല്ലപ്പെട്ടയാളുടെ ഇടത് കാലിന് സ്വാധീനം കുറവായിരുന്നതുമാണ് ഇതുവരെ ലഭിച്ച നിർണായക വിവരങ്ങൾ.
സെപ്റ്റംബർ 23നാണ് ഒരാഴ്ച പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച പെട്രോൾ കന്നാസ് അന്വേഷണത്തിൽ നിർണായകമായി.
പെട്രോൾ കന്നാസ് കൈവശം വച്ച് അനിക്കുട്ടൻ ആളുകേറാമലയ്ക്ക് സമീപമുള്ള പമ്പിൽ നിൽക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതോടെയാണ് അന്വേഷണം അനിക്കുട്ടനിലേക്ക് കേന്ദ്രീകരിച്ചത്.
ചങ്ങല, ഒഴിഞ്ഞ കന്നാസ്, കുപ്പി, കീറിയ ബാഗ്, കത്രിക എന്നിവയും പ്രധാന തെളിവുകളായി കണ്ടെത്തിയിട്ടുണ്ട്. മൃതദേഹത്തിന്റെ മുഖം ആസിഡ് ഒഴിച്ച് വികൃതമാക്കിയ നിലയിലായിരുന്നു. കൊല്ലപ്പെട്ട മധ്യവയസ്കനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല; ഡിഎൻഎ പരിശോധന തുടരുകയാണ്.
English Summary
Police have identified a suspect in the brutal murder case at Alukeramala near Punalur, where a man was found dead with his limbs chained to a tree. The suspect is Anikkuttan (45), also known as Pappar, a native of Vedarpallav near Charummood in Alappuzha, who has been missing since September 17. CCTV footage showing him near a petrol pump with a fuel can led investigators to him. A lookout notice has been issued, and the probe has been extended to other states. The victim remains unidentified, and DNA tests are ongoing.
punalur-alukeramala-murder-suspect-anikkuttan-identified
punalur murder case, alukeramala body found, anikkuttan lookout notice, kerala crime news, kollam police investigation, chained body murder









