സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭം രൂക്ഷമായ ബംഗ്ലാദേശിൽ രാജിവെച്ച പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിൽ ഇരച്ചെത്തിയ സംഘം ബംഗ്ലാവിലെ സകലതും മോഷ്ടിച്ചതായി റിപ്പോർട്ടുകൾ. (Protesters invade Bangladesh Prime Minister Sheikh Hasina’s official residence:)
ഹസീനയുടെ വസതിയിലെ സാരികൾ, ചായക്കപ്പുകൾ, ടി.വി സെറ്റുകൾ തുടങ്ങി ചിത്രങ്ങൾ വരെ മോഷണം പോയതായാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഹസീനയുടെ ഔദ്യോഗിക വസതിയായ ഗാനഭബനിൽ പ്രക്ഷോഭകർ കൈയറി ഭക്ഷണം കഴിക്കുന്നതിന്റെയും വസതി നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്.
ആഹ്ലാദഭരിതരായ പ്രതിഷേധക്കാർ ഹസീനയുടെ വീട്ടിലെ സാമഗ്രികൾ തിരയുന്ന ദൃശ്യങ്ങൾ എക്സിൽ പ്രചരിക്കുന്നുണ്ട്. ഷെയ്ഖ് ഹസീനയുടെ അടുത്ത ആളുകളുടെ വീടുകൾ പ്രക്ഷോഭകർ തകർത്തതായി എ.എഫ്.പി റിപ്പോർട്ട് ചെയ്തു. ഹസീനയുടെ പിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ പ്രതിമയും തകർത്തു.
രാജ്യവ്യാപകമായി തെരുവുകൾ പ്രക്ഷോഭകർ കീഴടക്കിയിരിക്കുകയാണ്. ഹസീനയുടെ രാജി ഇവർ ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അതീവസുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിയിൽ പ്രക്ഷോഭകർ കസേരകളിൽ ഇരുന്ന് പുകവലിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ട്. തെരുവുകളിലും വലിയതോതിൽ അക്രമസംഭവങ്ങൾ അരങ്ങേറുന്ന കാഴ്ചയാണ് കാണുന്നത്.