അത് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അവാര്‍ഡല്ല; തട്ടിപ്പില്‍ ഇരകളായവര്‍ പ്രമുഖ മലയാളികള്‍; ‘ഹൗസ് ഓഫ് കോമണ്‍സ് ആദരം’ അവകാശപ്പെട്ട് ആര്യാ രാജേന്ദ്രനും
ബ്രിട്ടീഷ് സന്ദർശനത്തിന് എത്തുന്ന മലയാളി വിഐപികൾ നാട്ടിലെത്തി മേനിപറയാൻ പലപ്പോഴും ബ്രിട്ടീഷ് പാർലമെന്റിനെ വേദിയാക്കാറുണ്ട്. എന്നാൽ ഇത്തരം പരിപാടികളുടെ പരിണിതഫലം പലപ്പോഴും മലയാളത്തിലെ പ്രമുഖർക്കാണ് അനുഭവിക്കേണ്ടി വരുന്നത്.
സമീപകാലത്ത് പുറത്തുവന്ന അവാർഡ് തട്ടിപ്പ് വിവാദം ഇതിനുദാഹരണമാണ്. ആദരിക്കപ്പെട്ട കെ.എം. മാണി മുതൽ ഗായകൻ എം.ജി. ശ്രീകുമാർ വരെയുള്ള നിരവധി പ്രമുഖരെ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം നേരിടേണ്ടി വന്നിരുന്നു. ഈ വിവാദങ്ങളിൽ വീഴാതെ, തുറന്നുപറഞ്ഞ ഏക രാഷ്ട്രീയ പ്രവർത്തകൻ പൂഞ്ഞാർ മുൻ എം.എൽ.എ പി.സി. ജോർജാണ്.
ഇപ്പോൾ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമായി ബന്ധപ്പെട്ട് സമാനമായ ആരോപണമാണ് ഉയർന്നിരിക്കുന്നത്. ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരമാണെന്ന പേരിൽ നടത്തിയ ചടങ്ങ് വാസ്തവത്തിൽ വാടകയ്ക്ക് പാർലമെന്റിന്റെ ഹാൾ എടുത്ത് നടത്തിയ സമ്മാനദാന പരിപാടിയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ബ്രിട്ടീഷ് പാർലമെന്റിന്റെ ഹൗസ് ഓഫ് കോമൺസ് മേയർ ആര്യയെ ഔദ്യോഗികമായി ആദരിച്ചിട്ടില്ലെന്നും, പരിപാടിയുടെ പ്രാമാണികത ചോദ്യം ചെയ്യപ്പെടുകയാണെന്നും ആരോപണം ശക്തമാണ്.
”യുകെ പാര്‍ലിമെന്റില്‍ വോള്‍ഡ് ബുക്ക് ഓഫ്് റിക്കോര്‍ഡ് സംഘടിപ്പിക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് നഗരസഭ മേയര്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റുവാങ്ങുകയാണ്.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പ്രതിസന്ധികളിലും തളരാതെ മുന്നോട്ടു കൊണ്ട് പോകുന്നതിനു എന്നെ പ്രാപ്തമാക്കിയ എന്റെ പ്രസ്ഥാനത്തിനും എന്നെ ചേര്‍ത്ത് നിര്‍ത്തിയ ജനങ്ങള്‍ക്കും ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു”-ഇതാണ് മേയര്‍ എഴുതിയ വിശദീകരണത്തിലുള്ളത്.
ഇത് ശരിയായിരിക്കാം. എന്നാല്‍ പോസ്റ്ററിലെ ഹൗസ് ഓഫ് കോമണ്‍സിലെ ആദരം ശരിയല്ല എന്നാണ് റിപ്പോർട്ടുകൾ.
രണ്ട് ഇന്ത്യാക്കാരുടെ നേതൃത്വത്തിലെ സ്വകാര്യ സംഘടനയാണ് ആര്യാ രാജേന്ദ്രനെ ആദരിക്കുന്നത്. ഇതിന് ബ്രിട്ടണിലെ രാഷ്ട്രീയ സംവിധാനമായി ബന്ധമില്ല എന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.
സ്വകാര്യ സംഘടന ബ്രിട്ടീഷ് പാര്‍ലമെന്റിലെ ഹാള്‍ വാടകയ്ക്ക് എടുത്തു നടത്തിയ ചടങ്ങിലാണ് ആര്യ പങ്കെടുത്തത്. ഈ സംഘടനയ്ക്ക് ഗിന്നസ് വേള്‍ഡ് റിക്കോര്‍ഡ് എന്ന ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ട സംഘടനയുമായി യാതൊരു ബന്ധവുമില്ല.
ഇതു സംബന്ധിച്ച് ആര്യാ രാജേന്ദ്രന്‍ ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റ്:
നഗരസഭ മേയര്‍ ആയി 2020 ല്‍ ചുമതല ഏല്‍ക്കുമ്പോള്‍ നിരവധി ഉത്തരവാദിത്തങ്ങള്‍ ആണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ജനങ്ങളും എന്നില്‍ അര്‍പ്പിച്ചിരുന്നത് എന്ന് നല്ല ബോധ്യം എനിക്ക് ഉണ്ടായിരുന്നു.
വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ കാഴ്ച്ചപ്പാടുകള്‍ ഉയര്‍ത്തി പിടിച്ചു ജനങ്ങളോട് ചേര്‍ന്നു നിന്ന് പ്രവര്‍ത്തിക്കുന്നതിനു പൂര്‍ണമായ ശ്രദ്ധ ഞാന്‍ നല്‍കിയിട്ടുണ്ട്.
കാലാവസ്ഥ വ്യത്യാനവും അതിന്റെ ഭാഗമായി ഉണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളും, അതിവേഗ നഗരവത്കരണവും ഒക്കെ ഒരു യുവ ജനപ്രതിനിധി എന്ന നിലയില്‍ ഏറ്റവും ഗൗരവമായി തന്നെ കണ്ടുകൊണ്ടു ഏറ്റെടുക്കുന്ന ഓരോ പ്രവര്‍ത്തനങ്ങളും സുസ്ഥിരവികസന മാതൃകയില്‍ ഉള്ളതാകണം എന്ന് ആഗ്രഹിച്ചിരുന്നു.
അതുകൊണ്ട് തന്നെ നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ നമ്മുടെ നല്ല നാളെകള്‍ ലക്ഷ്യം വെച്ചുകൊണ്ട് നിരവധി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ സാധിച്ചിട്ടുണ്ട്.
ആയതിന് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്ന് മറ്റൊരു വലിയ സന്തോഷം നിങ്ങളുടെ മുന്‍പില്‍ പങ്കുവെക്കുകയാണ്.
തിരുവനന്തപുരം നഗരസഭയില്‍ നടപ്പിലാക്കിയ സുസ്ഥിര വികസന പ്രവര്‍ത്തങ്ങള്‍ക്കു ഇന്നു UK പാര്‍ലിമെന്റില്‍ World Book of Records സംഘടിപ്പിക്കുന്ന ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് എക്‌സലന്‍സ് നഗരസഭ മേയര്‍ എന്ന നിലയില്‍ ഞാന്‍ ഏറ്റുവാങ്ങുകയാണ്.
എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ പ്രതിസന്ധികളിലും തളരാതെ മുന്നോട്ടു കൊണ്ട് പോകുന്നതിനു എന്നെ പ്രാപ്തമാക്കിയ എന്റെ പ്രസ്ഥാനത്തിനും എന്നെ ചേര്‍ത്ത് നിര്‍ത്തിയ ജനങ്ങള്‍ക്കും ഞാന്‍ ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു.
ആര്യ രാജേന്ദ്രന്‍ എസ്
മേയര്‍
തിരുവനന്തപുരം നഗരസഭ
മാണിക്കും എം.ജി. ശ്രീകുമാറിനും ലഭിച്ച ‘ബ്രിട്ടീഷ് പാർലമെന്റ് ബഹുമതി’ വിവാദമായി മാറിയത് കേരള രാഷ്ട്രീയത്തിലും സാംസ്കാരിക രംഗത്തും വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് ധനമന്ത്രി ആയിരുന്ന കെ.എം. മാണിക്ക് ലഭിച്ച ബഹുമതിയാണ് ആദ്യം മാധ്യമങ്ങൾ ആവേശത്തോടെ റിപ്പോർട്ട് ചെയ്തത്.
ബ്രിട്ടീഷ് പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു എന്ന വാർത്ത പ്രചരിച്ചപ്പോൾ, അത് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ വലിയ നേട്ടമായി കാണിച്ചു. ഷാളും മൊമെന്റോയും കൈപ്പറ്റുന്നത് പലരും ‘ജീവിതത്തിലെ അസുലഭ ഭാഗ്യം’ എന്നു വിശേഷിപ്പിച്ചു.
2017-ൽ എം.ജി. ശ്രീകുമാറിനും സമാന അനുഭവം ഉണ്ടായി. ഭാര്യ ലേഖ തന്നെ ഫേസ്ബുക്കിൽ ചിത്രങ്ങളോട് കൂടി പോസ്റ്റ് ചെയ്ത്, അത് പാർലമെന്റിന്റെ അംഗീകാരമാണെന്ന രീതിയിൽ അവതരിപ്പിച്ചു.
എന്നാൽ പിന്നീടത് യഥാർത്ഥത്തിൽ വാടകയ്ക്ക് എടുത്ത ബ്രിട്ടീഷ് പാർലമെന്റ് ഹാളിലായിരുന്നു നടന്നത് എന്ന് വ്യക്തമായി.
മാണി സാറിന്റെ കാര്യത്തിലും ഇതേ സംഭവിച്ചു. പരിപാടിയുടെ പേരിൽ ‘ബ്രിട്ടീഷ് പാർലമെന്റിൽ പ്രസംഗിക്കുന്നു’ എന്ന് പ്രഖ്യാപിച്ചെങ്കിലും, യഥാർത്ഥത്തിൽ അത് പാർലമെന്റിലെ വാടകയ്ക്ക് ലഭ്യമായ ഒരു ഹാളിലായിരുന്നു.
കേരളാ പ്രവാസി കോൺഗ്രസ് (എം) ആണ് ആ ചടങ്ങ് സംഘടിപ്പിച്ചത്. വിദേശത്ത് താമസിക്കുന്ന, കോട്ടയം, പാലാ, പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി മേഖലകളിൽ നിന്നുള്ള പ്രവാസി നേതാക്കളുടെ സംഘടനയാണ് അവർ.
അന്നത്തെ ധനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ, ‘ബ്രിട്ടീഷ് പാർലമെന്റിൽ അധ്വാനവർഗ സിദ്ധാന്തത്തെക്കുറിച്ച് സംസാരിക്കാൻ പോകുന്നു’ എന്ന് പറഞ്ഞതോടെ സംഭവം വലിയ വാർത്തയായി.
എന്നാൽ പിന്നീട് സത്യം പുറത്തുവന്നപ്പോൾ, പാർലമെന്റിന്റെ ഔദ്യോഗിക അംഗീകാരം അല്ലാതെയും, പ്രവാസി കോൺഗ്രസുകാർ വാടകയ്ക്ക് എടുത്ത ഹാളിലായിരുന്നുവെന്നതും വ്യക്തമാവുകയും ചെയ്തു.
ഇന്നിതേ മാതൃകയിലാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനുമുള്ള അവാർഡ് വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. പരിപാടി നടന്നത് പാർലമെന്റിന്റെ ഹൗസ് ഓഫ് കോമൺസ് അംഗീകരിച്ച ചടങ്ങല്ല, മറിച്ച് വാടകയ്ക്ക് എടുത്ത ഹാളിലാണെന്നതാണ് ആരോപണം.