പി.പി.ഹൈദർ ഹാജി അന്തരിച്ചു
ദോഹ: ഖത്തറിലെ പ്രമുഖ മലയാളി വ്യവസായിയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനുമായ തൊഴിയൂർ മത്രംകോട്ട് പി.പി.ഹൈദർ ഹാജി (90) (ഹൈസൺ ഹൈദര്‍ ഹാജി) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിൽ കഴിയുന്നതിനിടെ ദോഹയിൽ വെച്ചായിരുന്നു അന്ത്യം. ഖബറടക്കം ഖത്തറില്‍ നടത്തി.
അഞ്ച് പതിറ്റാണ്ടോളം ഖത്തറില്‍ താമസിച്ച അദ്ദേഹം 1962ൽ കപ്പൽ വഴി ഖത്തറിൽ എത്തിയ ആദ്യകാല മലയാളി പ്രവാസികളിൽ ഒരാളാണ്. ഖത്തറിലെ ആദ്യത്തെ സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ ഫാമിലി ഫുഡ് സെന്ററിന്റെ സ്ഥാപകനാണ് ഇദ്ധേഹം. 1978ൽ ആണ് അദ്ദേഹം ഫാമിലി ഫുഡ് സെന്റർ സ്ഥാപിക്കുന്നത്. കോഴിക്കോട് ഹൈസൺ ഹോട്ടൽ, ഹൈസൺ മോട്ടോർസ് തുടങ്ങിയ സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു.
ഹൈദർ ഹാജി ഖത്തറിലെ പ്രഥമ ഇന്ത്യൻ സ്കൂളായ എം.ഇ.എസിന്റെ സ്ഥാപകരിൽ ഒരാളാണ്. നാട്ടിലും വിദ്യാഭ്യാസ മേഖലയിൽ സജീവമായി ഇടപെട്ടിരുന്ന അദ്ദേഹം ദയാപുരം അൽ ഇസ് ലാം ചാരിറ്റബ്ൾ ട്രസ്റ്റിന്റെ തുടക്കക്കാരിൽ ഒരാളും ചെയർമാനുമായിരുന്നു. ഐഡിയൽ എജുക്കേഷൻ സൊസൈറ്റി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപക ചെയർമാനായും സേവനമനുഷ്ഠിച്ചു.
ഖത്തറിൽ ദുരിതം അനുഭവിക്കുന്ന ഇന്ത്യൻ പ്രവാസികൾക്ക് പിന്തുണ നൽകാനായി രൂപവത്കരിച്ച ഇന്ത്യൻ എംബസി അപക്സ് സംഘടനകളായ ഐ.സി.സി ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) എന്നിവയുടെ സ്ഥാപകാംഗമായിരുന്നു. ഖത്തർ ഇൻകാസിന്റെ പ്രഥമ ഉപദേശക സമിതി അംഗവും ഖത്തർ എം.ഇ.എസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ആരോഗ്യ പ്രശനങ്ങളെത്തുടർന്ന് അദ്ദേഹം വിശ്രമത്തിലായിരുന്നു.
ഭാര്യ: പരേതയായ ജമീല. മക്കൾ: ഫൈസൽ, ജമാൽ, അൻവർ, ആഷിഖ് (നാലുപേരും ഫാമിലി ഫുഡ് സെന്റർ, ഖത്തർ), നസീമ. മരുമക്കൾ: അഷ്റഫ് ഷറഫുദ്ദീൻ (ന്യു ഇന്ത്യൻ സൂപ്പർ മാർക്കറ്റ്, ഖത്തർ), ഷക്കീല, റജീന, റജി, റൈസ ഖദീജ.
അമേരിക്കൻ മലയാളി ഡോ. അനിരുദ്ധൻ അന്തരിച്ചു
തിരുവനന്തപുരം : അമേരിക്കയിലെ പ്രമുഖ വ്യവസായിയും ഫൊക്കാനയുടെ സ്ഥാപക പ്രസിഡന്റുമായ കൊല്ലം ഓച്ചിറ കൊട്ടയ്ക്കാട് വീട്ടിൽ ഡോ.എം.അനിരുദ്ധൻ (82) അന്തരിച്ചു.
എസ്.മാധവന്റെയും കല്യാണിയുടെയും മകനാണ്. നോർക്ക ഡയറക്ടർ ബോർഡിലും ലോക കേരള സഭയിലും അംഗമായിരുന്നു. അമേരിക്കയിലെ എസെൻ ന്യൂട്രീഷ്യൻ കോർപറേഷന്റെ സ്ഥാപകനാണ്. ഇന്നലെ വൈകിട്ട് 6.30തോടെയായിരുന്നു അന്ത്യം.
സംസ്‌കാരം ചിക്കാഗോയിൽ നടക്കും. ചേർത്തല സ്വദേശി നിഷയാണ് ഭാര്യ. മക്കൾ : ഡോ.അനൂപ് (തിരുവനന്തപുരം മെഡിക്കൽ കോളേജ്), അരുൺ (എസെൻ ന്യൂട്രീഷ്യൻ കോർപറേഷൻ).
അരനൂറ്റാണ്ടിലേറെയായി ചിക്കാഗോയിൽ താമസിക്കുന്ന അദ്ദേഹം അമേരിക്കയിൽ കേരളത്തിന്റെ ശബ്ദമായിരുന്നു. ചിക്കാഗോ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമാണ്. രസതന്ത്രത്തിൽ പി.എച്ച്.ഡിക്കാണ് 1973ൽ അമേരിക്കയിലെത്തിയത്. ടെക്‌സസിലെ എ.ആൻഡ് എം സർവകലാശാലയിൽ ആണവ രസതന്ത്രം അദ്ധ്യാപകനായിരിക്കെ ന്യൂട്രീഷ്യൻ മേഖലയിലേക്ക് തിരിഞ്ഞു. പിന്നീട് ഈ വിഷയത്തിലും പിഎച്ച്.ഡി എടുത്തു.
ENGLISH SUMMARY:
Prominent Malayali businessman and founder of educational institutions in Qatar, Thozhiyur Mathramkott P.P. Hyder Haji (also known as Hyson Hyder Haji), passed away at the age of 90. He died in Doha while under rest due to age-related ailments. His burial took place in Qatar.