ന്യൂഡൽഹി: വയനാട് ലോക്‌സഭാ എം പിയായി വിജയിച്ച പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. നവംബർ 30, ഡിസംബർ 1 തീയതികളിൽ പ്രിയങ്ക വയനാട് മണ്ഡലത്തിൽ പര്യടനം നടത്തും.(Priyanka Gandhi’s oath ceremony as Wayanad MP today)
അതേസമയം എം പിയായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.എല്‍. പൗലോസില്‍ നിന്ന് ഡല്‍ഹിയില്‍ വെച്ച് പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങി. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എഐസിസി. ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി, വയനാട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എപി. അനില്‍കുമാര്‍ എംഎല്‍എ, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദീഖ് എംഎല്‍എ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയത്.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വയനാടിനുള്ള കേന്ദ്ര സഹായം വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തുന്ന സമരത്തില്‍ പ്രിയങ്ക പങ്കെടുക്കും. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെൻ്റ് മാര്‍ച്ച് ആകും സംഘടിപ്പിക്കുക. വയനാട് ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ അവഗണനക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ് മാര്‍ച്ചിന്റെ ലക്ഷ്യം.