ഐ.എസ്.ആർ.ഒ യുടെ സാങ്കേതിക വിദ്യയിൽ സ്വകാര്യകമ്പനി റോക്കറ്റ് ഒരുങ്ങുന്നു.സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആദ്യ പി.എസ്.എൽ.വി റോക്കറ്റ് ഓഗസ്റ്റിൽ വിക്ഷേപിച്ചേക്കും. ഇതുവരെ റോക്കറ്റിന്റെ ഭാഗങ്ങൾ മാത്രമാണ് സ്വകാര്യമേഖലയിൽ നിർമ്മിച്ചിരുന്നത്. അത് വാങ്ങി വി.എസ്.എസ്.സിയിൽ അസംബിൾ ചെയ്ത് റോക്കറ്റാക്കി സുരക്ഷാപരിശോധനകൾ നടത്തി ഉപയോഗിക്കുകയായിരുന്നു. എന്നാലിപ്പോൾ പൂർണ്ണമായും സ്വകാര്യകമ്പനിക്ക് റോക്കറ്റ് നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ നൽകാനൊരുങ്ങുകയാണ്. (private company is preparing a rocket based on ISRO’s technology).
എൽ.വി.എം 3 റോക്കറ്റ് നിർമ്മാണത്തിനായി സ്വകാര്യ കമ്പനികളെ ക്ഷണിച്ചുകഴിഞ്ഞു. റോക്കറ്റ് പൂർണമായും സ്വകാര്യ കമ്പനികളുണ്ടാക്കും. സാങ്കേതിക വിദ്യ ഐ.എസ്.ആർ.ഒ നൽകും. അവ സുരക്ഷാപരിശോധന നടത്തി ഐ.എസ്.ആർ.ഒ വാങ്ങും എന്നിങ്ങനെയാണ് പദ്ധതി. ആദ്യ രണ്ടു വർഷം സാങ്കേതിക വിദ്യ കൈമാറ്റവും നിർമ്മാണ പരിശീലനവും. തുടർന്നുള്ള 12വർഷം കമ്പനിക്ക് റോക്കറ്റുകൾ നിർമ്മിക്കാം. അങ്ങിനെ മൊത്തം 14വർഷത്തെ കരാറാണ് നൽകാനൊരുങ്ങുന്നത്.
ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ നിർമ്മാണവും മനുഷ്യരെ ചന്ദ്രനിൽ എത്തിക്കാനുള്ള ദൗത്യവും ലക്ഷ്യമിട്ട് നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻ.ജി.എൽ.വി) ആണ് ഐ.എസ്.ആർ.ഒ ഇനി നിർമ്മിക്കുക. ഇസ്രോയുടെ എസ്.എസ്.എൽ.വി, പി.എസ്.എൽ.വി റോക്കറ്റുകളുടെ നിർമ്മാണം സ്വകാര്യകമ്പനികൾക്ക് കൈമാറാൻ നേരത്തെ തീരുമാനിച്ചിരുന്നു.