സ്കോട്ട്ലൻഡിലെ ജയിലുകളിൽ തിരക്ക് കുറയ്ക്കുന്നതിൻ്റെ ഭാഗമായി 390 തടവുകാരെ തടവുകാലം പൂർത്തിയാകും മുൻപേ വിട്ടയക്കുന്നു. നാല് വർഷത്തിൽ താഴെ തടവിന് ശിക്ഷിക്കപ്പെട്ട യോഗ്യരായ തടവുകാരെ അവരുടെ കാലാവധിയുടെ 40 ശതമാനം കാലം പൂർത്തിയാകുന്ന സമയത്താണ് മോചിപ്പിക്കുന്നത്. തിരക്ക് കുറയ്ക്കുന്നതിൻ്റെ ഭാഗമായിട്ടാണ് തീരുമാനം. ഇതിന് അനുവദിക്കുന്ന അടിയന്തര നിയമനിർമ്മാണം കഴിഞ്ഞ വർഷം പാസാക്കിയിരുന്നു.
ചൊവ്വാഴ്ച മുതൽ ആറ് ആഴ്ചകളായി മൂന്ന് ഘട്ടങ്ങളിലായി തടവുകാരെ വിട്ടയക്കും . ഗാർഹിക പീഡനത്തിനോ ലൈംഗിക കുറ്റകൃത്യങ്ങൾക്കോ ശിക്ഷ അനുഭവിക്കുന്ന തടവുകാരെ വിട്ടയക്കില്ല. ജയിലിൽ തടവുകാരുടെ എണ്ണം വളരെ കൂടുതലാണെന്ന് ജസ്റ്റിസ് സെക്രട്ടറി ആഞ്ചല കോൺസ്റ്റൻസ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച അവസാനത്തോടെ, സ്കോട്ട്ലൻഡിലെ ജയിലുകളിൽ 8,344 തടവുകാരുണ്ടായിരുന്നു – എന്നാൽ 8,007 തടവുകാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് ജയിലുകൾക്കുള്ളത്.
കഴിഞ്ഞ വർഷം തടവുകാരുടെ തിരക്ക് കുറയ്ക്കുന്നതിനുള്ള അടിയന്തര ശ്രമത്തിന്റെ ഭാഗമായി 477 തടവുകാരെ നേരത്തെ വിട്ടയച്ചു . എന്നാൽ രണ്ട് മാസത്തിനുള്ളിൽ മൊത്തം ജയിൽ ജനസംഖ്യ വീണ്ടും ജയിലിൽ ഉൾക്കൊള്ളാവുന്ന ശേഷിയ്ക്ക് മുകളിലേക്ക് ഉയർന്നിരുന്നു.