അന്‍പതാം വയസ്സില്‍ വീണ്ടും അച്ഛനായി പ്രഭുദേവ. പ്രഭുദേവയുടെയും ഭാര്യ ഹിമാനിയുടെയും ആദ്യത്തെ കുഞ്ഞാണിത്. 2020 ലോക്ഡൗണ്‍ കാലത്താണ് പ്രഭുദേവയും ഫിസിയോതെറാപ്പിസ്റ്റായ ഹിമാനി സിങ്ങും വിവാഹിതരായത്. വാര്‍ത്ത സത്യമാണെന്നും അന്‍പതാം വയസ്സില്‍ ഒരു കുഞ്ഞിന്റെ അച്ഛനായതില്‍ സന്തോഷമുണ്ടെന്നും പ്രഭുദേവ മാധ്യമങ്ങളോടു പറഞ്ഞു.
”ഇത് സത്യമാണ്. ഈ പ്രായത്തില്‍ ഞാന്‍ വീണ്ടും അച്ഛനായി. ഇപ്പോള്‍ ജീവിതത്തിന് ഒരു പൂര്‍ണത വന്നതു പോലെ തോന്നുന്നു. മകള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ എന്റെ ജോലിഭാരം കുറച്ചിട്ടുണ്ട്. ഞാന്‍ വളരെയധികം ജോലി ചെയ്യുന്നതായി എനിക്കു തോന്നി. എന്റെ കുടുംബത്തോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനാണ് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്.”- താരം പറഞ്ഞു.
2011 ല്‍ ആദ്യ ഭാര്യ റംലത്തുമായി പ്രഭുദേവ വിവാഹബന്ധം വേര്‍പിരിഞ്ഞിരുന്നു. ഈ ബന്ധത്തില്‍ പ്രഭുദേവയ്ക്ക് മൂന്ന് ആണ്‍മക്കളുണ്ട്. മൂത്ത മകന്‍ അര്‍ബുദ രോഗത്തെ തുടര്‍ന്ന് പതിമൂന്നാം വയസ്സില്‍ മരണമടഞ്ഞു.