മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ യുവ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെ വിവാഹിതനാകുന്നു. സ്‌കൂള്‍കാലം മുതലുള്ള കൂട്ടുകാരി നാഭ ഗദ്ദംവറാണു വധു. മുംബൈയില്‍ ഇരുവരുടേയും വിവാഹ നിശ്ചയ ചടങ്ങുകള്‍ നടത്തി. ‘സ്‌കൂള്‍ ക്രഷ്’ എന്നതില്‍നിന്നു ഭാവി വധുവായി നാഭയ്ക്കു സ്ഥാനക്കയറ്റം ലഭിച്ചതായി തുഷാര്‍ ദേശ്പാണ്ഡെ സമൂഹമാധ്യമത്തില്‍ കുറിച്ചു. ക്രിക്കറ്റ് ബോള്‍ കയ്യില്‍ പിടിച്ചാണ് തുഷാറും ഭാവിവധുവും വിവാഹ നിശ്ചയത്തിനു ശേഷം ഫോട്ടോഷൂട്ട് ചെയ്തത്.
ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിവം ദുബെ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ക്രിക്കറ്റ് താരങ്ങളായ ഋതുരാജ് ഗെയ്ക്വാദ്, സൂര്യകുമാര്‍ യാദവ്, സിമര്‍ജിത് സിങ് എന്നിവര്‍ തുഷാറിനും നാഭയ്ക്കും ആശംസകള്‍ അറിയിച്ചു. ഐപിഎല്‍ കിരീടം നേടിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി നിര്‍ണായക പ്രകടനമാണ് തുഷാര്‍ ദേശ്പാണ്ഡെ 2023 സീസണില്‍ നടത്തിയത്.
വിക്കറ്റ് വേട്ടയില്‍ ആറാം സ്ഥാനത്തുള്ള തുഷാര്‍, 16 മത്സരങ്ങളില്‍നിന്ന് 21 വിക്കറ്റുകള്‍ വീഴ്ത്തി. 17 റണ്‍സ് വഴങ്ങി നാലു വിക്കറ്റുകള്‍ വീഴ്ത്തിയതാണു സീസണിലെ മികച്ച പ്രകടനം. ഫസ്റ്റ് ക്ലാസില്‍ 29 മത്സരങ്ങള്‍ കളിച്ചിട്ടുള്ള തുഷാര്‍ ദേശ്പാണ്ഡെ 80 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനു പുറമേ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.