ഡൽഹി: പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേട്ടത്തോടെ ഹോക്കിയിൽ നിന്ന് വിരമിച്ച മലയാളി താരം പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. ഹോക്കി ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിഹാസ താരം മറ്റൊരു ഇതിഹാസ തീരുമാനത്തിലേക്ക് നീങ്ങുന്നുവെന്നാണ് ശ്രീജേഷ് പരിശീലന സ്ഥാനത്ത് എത്തുന്നതിനെ കുറിച്ച് ഹോക്കി ഇന്ത്യ വിശേഷിപ്പിച്ചത്.(PR Sreejesh to coach Indian junior hockey team; Confirmed by Hockey India)
ഇന്ത്യൻ ഹോക്കി താരത്തിൽ നിന്ന് ഒരു പരിശീലകനാകുന്ന ശ്രീജേഷിന് ഒരുപാട് യുവതാരങ്ങൾക്ക് പ്രോത്സാഹനമാകാൻ കഴിയും. താങ്കളുടെ പരിശീലന മികവ് കാണാൻ ആഗ്രഹിക്കുന്നുവെന്ന് ഹോക്കി ഇന്ത്യ പറഞ്ഞു. ഇന്ത്യയ്ക്കായി 336 മത്സരങ്ങൾ കളിച്ച താരമാണ് പി ആർ ശ്രീജേഷ്. പാരിസ് ഒളിംപിക്സിൽ എട്ട് മത്സരങ്ങളിൽ നിന്നായി ശ്രീജേഷ് 50 ഷോട്ടുകളാണ് തടഞ്ഞിട്ടത്. ടോക്കിയോ ഒളിംപിക്സിൽ ശ്രീജേഷിന്റെ മികവിലാണ് 41 വർഷങ്ങൾക്ക് ശേഷം ഇന്ത്യ ഹോക്കിയിൽ വെങ്കല മെഡൽ നേടിയത്.