കണ്ണൂർ: നവീൻ ബാബുവിന്റെ മരണത്തിൽ death of Naveen Babu ഒളിവിൽ കഴിയുന്ന പി.പി ദിവ്യ PP Divya കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിൽ തേടി. കഴിഞ്ഞദിവസം രാത്രി അമിത രക്തസമ്മർദത്തെ തുടർന്നാണ് ചികിത്സ തേടിയത്. പയ്യന്നൂർ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്.
ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ നാളെ വിധി പറയാനിരിക്കെയാണ് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദിവ്യയ്‌ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തിരുന്നു. തുടർന്ന് മുൻകൂർ ജാമ്യത്തിനായി ദിവ്യ കോടതിയെ സമീപിക്കുകയായിരുന്നു. യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയായിരുന്നു നവീൻ ബാബു ജീവനൊടുക്കിയത്.
അതേസമയം, പി പി ദിവ്യക്കെതിരെ കടുത്ത നടപടിക്കൊരുങ്ങുകയാണ് സിപിഐഎം. പി പി ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്ന് തരംതാഴ്ത്താനാണ് പാർട്ടിയുടെ തീരുമാനം. ജില്ലാ സമ്മേളനം കഴിഞ്ഞ് വരുന്ന പുതിയ ജില്ലാ കമ്മിറ്റിയിൽ ദിവ്യയെ ഉൾപ്പെടുത്താതിരിക്കാനാണ് തീരുമാനം. നടപടി പ്രത്യക്ഷത്തിൽ പ്രഖ്യാപിക്കാതെ പരോക്ഷമായി നടപ്പിൽ വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
നവീൻ ബാബുവിന്റെ മരണത്തിലെ ലാൻഡ് റവന്യൂ വകുപ്പ് അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസം റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയിരുന്നു. എൻഒസി നൽകുന്നതിൽ നവീൻ ബാബുവിന് കാലതാമസം വന്നിട്ടില്ലെന്നും കോഴ വാങ്ങിയിട്ടില്ലെന്നുമാണ് റിപ്പോർട്ടിലുള്ളത്.
ദിവ്യയെ തൊട്ടുള്ള ഒരു നീക്കവും വേണ്ടെന്ന സന്ദേശം തന്നെയാണ് പോലീസിന് സിപിഎം നൽകിയിരിക്കുന്നത്. കടുത്ത വിമർശനം ഉയർന്നിട്ടും എന്തിനാണ് ദിവ്യയെ സംരക്ഷിക്കുന്നത് എന്നതിന് ഉത്തരം ഇതുവരെ സിപിഎം അണികൾക്ക് പോലും ലഭിച്ചിട്ടില്ല. നടപടിയെക്കുറിച്ച് ജില്ലാ നേതൃത്വത്തോട് ചോദിച്ചാൽ സംസ്ഥാന നേതൃത്വം തീരുമാനിക്കുമെന്നും സംസ്ഥാന നേതൃത്വത്തോട് ചോദിച്ചാൽ കണ്ണൂരിൽ തീരുമാനിക്കും എന്നുമാണ് മറുപടി.
ഇത്തരത്തിൽ വിവാദങ്ങൾ കൊഴുക്കുന്നതിനിടയിലാണ് ദിവ്യ ആശുപത്രിയിൽ ചികിത്സ തേടിയെന്ന് അഭ്യൂഹം പരക്കുന്നത്. ഒളിവിൽ കഴിയുന്നതിനിടെ ദേഹാസ്വസ്ഥ്യം ഉണ്ടായെന്നും അതിന്റെ ഭാഗമായി ചികിത്സ തേടിയെന്നുമാണ് വാർത്തകൾ വന്നത്. എന്നാൽ ഇത് ബോധപൂർവ്വമായ നീക്കമാണെന്ന വിലയിരുത്തലുണ്ട്. മുൻകൂർ ജാമ്യാപേക്ഷയിൽ വിധി എതിരായാൽ അറസ്റ്റ് അല്ലാതെ മറ്റൊരു വഴി പോലീസിനും സിപിഎമ്മിനും മുന്നിലില്ല. അറസ്റ്റുണ്ടായാൽ ദിവ്യ ജയിലിൽ പോകേണ്ട സ്ഥിതി വരും. അത് ഒഴിവാക്കാനാണ് ഇപ്പോഴേ ചികിത്സാ കഥ റെഡിയായിരിക്കുന്നത്.
ഇക്കാര്യം മാധ്യമങ്ങളിലൂടെ വളരെ ബോധപൂർവ്വം തന്നെ സിപിഎം പുറത്തുവിടുന്നുണ്ട്. പിപി ദിവ്യയുടെ കാര്യത്തിൽ എല്ലാ തലത്തിലുമുളള കരുതലാണ് സിപിഎം സ്വീകരിക്കുന്നത്. അത് എന്തുകൊണ്ടാണ് എന്നതിലാണ് ഇനി വ്യക്തത വരേണ്ടത്. പെട്രോൾ പമ്പ് തുടങ്ങാൻ എൻഒസിക്കായി അപേക്ഷ നൽകിയ പ്രശാന്തൻ ബിനാമിയാണെന്ന് ഏറെക്കുറേ വ്യക്തമായിട്ടുണ്ട്.
ഇയാൾ ആരുടെ ബിനാമിയാണ്, ദിവ്യ സ്വന്തം നിലക്കാണോ, അതോ ആരുടെയെങ്കിലും നിർദേശത്തെ തുടർന്നാണോ ഈ വിഷയത്തിൽ ഇടപെട്ടത്, അങ്ങനെയെങ്കിൽ സിപിഎമ്മിലെ തന്നെ ഏതെങ്കിലും ഉന്നതൻ തിരശീലക്ക് പുറകിലുണ്ടോ എന്നിങ്ങനെ നിരവധി സംശയങ്ങൾ നിലനിൽക്കുകയാണ്. ഇതിനെല്ലാമുള്ള ഉത്തരം ദിവ്യയെന്ന പ്രതിയുടെ നാവിൻതുമ്പിലാണ് ഉള്ളത്. ദിവ്യയെ ജയിലിലെ സിമ്മന്റ് തറയിൽ കിടത്തില്ല, ആശുപത്രി കിടക്ക തന്നെ ഒരുക്കി നൽകുമെന്ന സൂചനകൾ വരുന്നത് ഈ സാഹചര്യത്തിലാണ്.