കണ്ണൂർ: എഡിഎം കെ.നവീൻബാബുവിന്റെ മരണത്തെത്തുടർന്ന് ആത്മഹത്യാ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ PP Divya അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങി.
മുൻകൂർജാമ്യ ഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയതോടെയാണ് ദിവ്യ കീഴടങ്ങിയത്. ദിവ്യയെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുകയാണ്. കോടതിയിൽ ഹാജരാകാതെയാണ് ദിവ്യ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങിയത്.
ദിവ്യയുടെ അറസ്റ്റ് വൈകുന്നത് ആക്ഷേപത്തിന് ഇടയാക്കിയിരുന്നു. ദിവ്യയെ അറസ്റ്റു ചെയ്യണമെന്ന് നവീൻ ബാബുവിന്റെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പാർട്ടി നിർദേശത്തെ തുടർന്നാണ് കീഴടങ്ങൽ.
ദിവ്യ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. കെ.നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയയായ പി.പി.ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സിപിഎം നേരത്തെ പുറത്താക്കിയിരുന്നു.
ദിവ്യയ്ക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനു പിന്നാലെയായിരുന്നു പാർട്ടി നടപടി. നവീൻ ബാബു പെട്രോൾ പമ്പിന് അനുമതി നൽകാൻ കൈക്കൂലി വാങ്ങിയതിനും നിയമം ലംഘിച്ചതിനും തെളിവില്ലെന്നായിരുന്നു സർക്കാരിന്റെ കണ്ടെത്തൽ.
യാത്രയയപ്പ് യോഗത്തിൽ പി.പി.ദിവ്യ പരസ്യവിമർശനം നടത്തിയതിൽ മനംനൊന്ത് താമസസ്ഥലത്തേക്കു മടങ്ങിയ നവീൻ ബാബു ജീവനൊടുക്കുകയായിരുന്നു.
സ്വന്തം ജില്ലയായ പത്തനംതിട്ടയിലേക്കു സ്ഥലംമാറ്റം ലഭിച്ച നവീൻ ബാബുവിന് കലക്ടറേറ്റിൽ നൽകിയ യാത്രയയപ്പിലായിരുന്നു സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ ദിവ്യയുടെ വിമർശനം.
കണ്ണൂർ എഡിഎം നവീൻബാബുവിൻറെ മരണത്തിനിടയാക്കിയ പി.പി. ദിവ്യയുടെ പ്രസംഗം ആസൂത്രിതമെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി. നവീൻബാബുവിനെ അപമാനിക്കുകയായിരുന്നു ദിവ്യയുടെ ഉദ്ദേശം.
ആഘാതം മനസിലാക്കി തന്നെയാണ് ദിവ്യയുടെ പ്രവൃത്തിയെന്നും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ വിധിപ്പകർപ്പിൽ കോടതി വ്യക്തമാക്കുന്നു. ക്ഷണിക്കാതെയാണ് ദിവ്യ എത്തിയതെന്ന വാദം അംഗീകരിച്ച കോടതി 38 പേജുള്ള വിധിയാണ് പുറപ്പെടുവിച്ചത്.
ദിവ്യ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെന്നും സാക്ഷികളെ സ്വാധീനിച്ചേക്കാമെന്നും കോടതി വ്യക്തമാക്കുന്നു. ദിവ്യയ്ക്ക് മുൻകൂർ ജാമ്യം നൽകിയാൽ അത് തെറ്റായ സന്ദേശമാകും നൽകുകയെന്നും വിധിപ്പകർപ്പിൽ വ്യക്തമാക്കി.
ദിവ്യയുടെ പ്രവൃത്തി പൊതുപ്രവർത്തകയ്ക്ക് ചേരാത്തതാണ്. പ്രശാന്തിന്റെ പരാതി ഹാജരാക്കാൻ പോലും ദിവ്യയ്ക്ക് കഴിഞ്ഞില്ല. ഗംഗാധരൻറെ പരാതിയാണ് ഹാജരാക്കിയത്. അതിലാവട്ടെ കോഴ ആരോപണം ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ദിവ്യയ്ക്ക് പരാതിയുണ്ടെങ്കിൽ നിയമപരമായ മാർഗം തേടണമായിരുന്നു.
ദിവ്യയ്ക്കെതിരെ ചുമത്തിയ ആത്മഹത്യാപ്രേരണാക്കുറ്റം നിലനിൽക്കുമെന്നും കുറ്റം ചെയ്തതായി പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടുവെന്നും വിധിപ്പകർപ്പിൽ പറയുന്നു. സഹപ്രവർത്തകരുടെ മുന്നിൽ വച്ച് നവീൻബാബു അപമാനിക്കപ്പെട്ടു. അപമാനഭാരം താങ്ങാനാവാതെയാണ് നവീൻ ജീവനൊടുക്കിയതെന്നും കോടതി വ്യക്തമാക്കുന്നു.