വത്തിക്കാൻ സിറ്റി: പുതിയ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം ലിയോ 14 ാമൻ മാർപാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ വലേരിയോ മാസെല്ല ഞെട്ടിയതുപോലെ ആരും ഞെട്ടിയിട്ടുണ്ടാവില്ല.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ജിമ്മിൽ സ്ഥിരമായി വന്ന് തന്റെ കീഴിൽ പരിശീലനം നേടിയിരുന്ന റോബർട്ട് എന്ന വ്യക്തി കർദിനാളായിരുന്നുവെന്നും ഇനി ആഗോളകത്തോലിക്കസഭയുടെ പരമാധ്യക്ഷനാണെന്നും റോമിലെ ജിമ്മിന്‌വലേരിയോ അപ്പോഴാണ് ആദ്യമായി മനസിലാക്കുന്നത്.
‘പുതിയ പാപ്പ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല. ഞാനായിരുന്നു പാപ്പയുടെ ജിമ്മിലെ ട്രെയിനർ. സാധാരണ വേഷത്തിൽ ജിമ്മിൽ എത്തിയിരുന്ന അദ്ദേഹം തന്റെ ഔദ്യോഗിക പദവി ഒരിക്കൽ പോലും വെളിപ്പെടുത്തിയിരുന്നില്ല.
ആത്മവിശ്വാസത്തോടെ എല്ലാ കാര്യങ്ങളും ചെയ്തിരുന്ന റോബർട്ട് എല്ലാവരോടും വളരെ സൗമ്യമായാണ് ഇടപെട്ടിരുന്നത്.’ വലേരിയോ സോഷ്യൽ മീഡിയയിൽ പറഞ്ഞു.
ട്രെഡ്മില്ലിലോ ബൈക്കിലോ വാം അപ്പ് എക്‌സർസൈസുകളോടെ തുടങ്ങി പേശികൾക്ക് ബലം നൽകുന്ന എക്‌സർസൈസുകൾ ചെയ്തിരുന്ന പാപ്പയുടെ ശരീരത്തിന് മികച്ച ആരോഗ്യമുണ്ടെന്നും കൂടാതെ പ്രായം പരിഗണിക്കുമ്പോൾ മികച്ച ശരീരഘടനയും പ്രതിരോധശേഷിയുമാണ് പാപ്പയുടേതെന്നും വലേരിയോ പറഞ്ഞു.
മാർപാപ്പ പലപ്പോഴും ടെന്നീസ് കളിച്ചിരുന്നതായും ഈ കളി സഹിഷ്ണുത വളർത്തുന്നതിൽ ഉപകാരപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.