കണ്ണൂർ: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന പേരിൽ തട്ടിപ്പ് നടത്തിയവർക്ക് ചൂട്ടുപിടിച്ചത് രാഷ്ട്രീയ പാർട്ടികൾ. ആധാർ കാർഡും പകുതി പണവും നൽകിയാൽ വാഹനം കിട്ടുമെന്ന് പറഞ്ഞ് പൊതു ജനങ്ങളെ വിശ്വസിപ്പിച്ചത് പ്രാദേശിക നേതാക്കളാണെന്നാണ് പുറത്തു വരുന്ന വിവരം. ഒരു കൂട്ടർ ഇത് സർക്കാർ പദ്ധതിയാണെന്ന് പറഞ്ഞ് പാർട്ടിയിലേക്ക് ആളെ ചേർക്കാൻ ശ്രമം നടത്തുകയായിരുന്നു.
ഇത് അറിഞ്ഞ മറ്റൊരു പാർട്ടിക്കാർ ഇത് നേരത്തെയുള്ള പദ്ധതിയാണെന്ന് പറഞ്ഞ് രംഗത്തെത്തി.
പിന്നീട് പാതി വിലക്ക് സ്കൂട്ടർ വാങ്ങാൻ സംസ്ഥാനത്തൊട്ടാകെ തിരക്കോട് തിരക്കായിരുന്നു. അവരവരുടെ പാർട്ടികളിലേക്ക് ജനങ്ങളെ ആകർഷിക്കാൻ തട്ടിപ്പിന് കൂട്ടു നിന്നു എന്ന് പറയാം. ആദ്യഘട്ടത്തിൽ കുറച്ച് സ്കൂട്ടറുകൾ വിതരണം നടത്തി ജനങ്ങളുടെ വിശ്വാസ്യതയും പിടിച്ചു പറ്റി.
പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സീഡ് സൊസൈറ്റിക്കെതിരെ കണ്ണൂരടക്കമുള്ള വടക്കൻ ജില്ലകളിലും വ്യാപക പരാതി ഉയർന്നിട്ടുണ്ട്. കണ്ണൂരിൽ മാത്രം ആയിരത്തോളം സ്ത്രീകളാണ് കഴിഞ്ഞ ദിവസം പരാതിയുമായി വിവിധ പൊലീസ് സ്റ്റേഷനുകളിലെത്തിയത്. സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തിയതിൽ, സൊസൈറ്റി ഉടമസ്ഥൻ അനന്തു കൃഷ്ണനെ മൂവാറ്റുപുഴ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
കണ്ണൂർ ജില്ലയിൽ 2023 ഏപ്രിലിലാണ് സീഡ് സൊസൈറ്റി രൂപീകരിച്ചത്.13 അംഗ പ്രമോട്ടർ വഴിയാണ് വാഗ്ദാനങ്ങളും പണപ്പിരിവുമെല്ലാം നടന്നത്. കേന്ദ്ര സർക്കാർ പദ്ധതിയെന്നും പ്രമുഖ കമ്പനികളുടെ സിഎസ്ആർ ഫണ്ടുണ്ടെന്നും പറഞ്ഞ വിശ്വാസം കയ്യിലെടുത്തു. പകുതി വിലയ്ക്ക് പഠനോപകരണങ്ങളും തയ്യിൽ മെഷീനും നൽകി തട്ടിപ്പിന്റെ തുടക്കമിട്ടു.
പിന്നീട് പകുതി വിലയ്ക്ക് ഇരുചക്രവാഹനവും ഗൃഹോപകരണങ്ങളും നൽകാമെന്ന വാഗ്ദാനത്തിൽ പലരിൽ നിന്നായി പണം വാങ്ങുകയായിരുന്നു. മൂവാറ്റുപുഴയിൽ നടന്ന സമാന തട്ടിപ്പിൽ സൊസൈറ്റി ഉടമസ്ഥൻ അനന്തുകൃഷ്ണൻ പിടിയിലായതോടെയാണ് ജില്ലയിലടക്കം പലരും തട്ടിപ്പിനിരയായെന്ന് വെളിപ്പെടുത്തൽ വന്നത്. കണ്ണൂർ ടൗൺ, വളപട്ടണം, മയ്യിൽ, ശ്രീകണ്ഠാപുരം തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലേക്ക് നിരവധി സ്ത്രീകളാണ് കഴിഞ്ഞ ദിവസം പരാതിയുമായെത്തിയത്.
പരാതിക്കാർ സ്റ്റേഷനിലേക്ക് സംഘടിച്ചെത്തിയതോടെ പ്രമോട്ടർമാരെ വിളിച്ചുവരുത്തി പൊലീസ് ചർച്ച നടത്തിയിട്ടുണ്ട്. അതേസമയം, പൊലീസ് കേസെടുക്കാൻ തയ്യാറാവുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കൃത്യമായ നഷ്ടപരിഹാരം നൽകിയില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് പരാതിക്കാർ.