കൊച്ചി: ഡാൻസാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെട്ട നടൻ ഷൈന്‍ ടോം ചാക്കോക്കെതിരെ തല്‍ക്കാലം കേസെടുക്കില്ലെന്ന് പോലീസ്. തെളിവുകളുടെ അഭാവത്തിലാണ് തല്‍ക്കാലം കേസ് എടുക്കേണ്ടെന്ന കൊച്ചി സിറ്റി പൊലീസിന്റെ തീരുമാനം.
അതേസമയം ഇറങ്ങി ഓടിയതിൽ ഷൈന്റെ വിശദീകരണം തേടും. തെളിവുകൾ കിട്ടിയാൽ കേസ് എടുക്കുമെന്നും പൊലീസ് വ്യക്തമാക്കി. സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ച് നടനില്‍നിന്ന് മോശം അനുഭവം നേരിട്ടെന്ന് താരസംഘടനയ്ക്കും ഫിലിം ചേംബറിനും നടി വിന്‍ സി അലോഷ്യസ് പരാതി നല്‍കിയിരുന്നു.
ഇതിന് പിന്നാലെ പരിശോധനയ്ക്കിടെ ഷൈന്‍ ടോം ചാക്കോ കൊച്ചിയിലെ ഹോട്ടലില്‍ നിന്ന് ഓടിരക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നത്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്ന് നടിയുടെ പരാതിയിൽ പറയുന്നു.
സിനിമ ചിത്രീകരണത്തിനിടെ ലഹരി ഉപയോഗിച്ച നടൻ തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിൻസിയുടെ വെളിപ്പെടുത്തൽ. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്നും വിൻസി പറഞ്ഞിരുന്നു.