യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്.
കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ നിർണായക നീക്കവുമായി പൊലീസ്.
കേസിലെ പ്രധാന പ്രതിയായ വടകര സ്വദേശിനി ഷിംജിത മുസ്തഫയ്‌ക്കെതിരെ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് (Look Out Notice) പുറത്തിറക്കി.
ഷിംജിത രാജ്യം വിടാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
കോഴിക്കോട് ഗോവിന്ദാപുരം സ്വദേശി യു. ദീപക് (41) ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട്, യുവതിക്കെതിരെ ആത്മഹത്യക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റം ചുമത്തി പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ വകുപ്പിന് പത്ത് വർഷം വരെ തടവും പിഴയും ലഭിക്കാവുന്നതാണ്.
കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യുവതി മുൻപ് വിദേശത്ത് ജോലി ചെയ്തിരുന്നുവെന്നും, സംസ്ഥാനം വിട്ട് മംഗലാപുരം ഭാഗത്തേക്ക് പോയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഷിംജിത ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിന്റെ ഭാഗമായി ബസ് ജീവനക്കാരുടെയും മറ്റ് യാത്രക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിച്ചതിന് ശേഷമാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞതെന്ന് ബസിലെ ജീവനക്കാർ മൊഴി നൽകിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, ദീപകിന്റെ മരണത്തിന് ഇടയാക്കിയ സമൂഹമാധ്യമ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന നിർണായക കണ്ടെത്തലാണ് പൊലീസിനുള്ളത്.
വീഡിയോയുടെ ദൈർഘ്യം കുറച്ചതായാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇതിന്റെ പൂർണരൂപം വീണ്ടെടുക്കുന്നതിനായി സൈബർ സെല്ലിന്റെ സഹായം തേടുമെന്ന് പൊലീസ് അറിയിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഷിംജിതയുടെ മൊബൈൽ ഫോൺ കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.
ഇതിനിടെ, ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ മെൻസ് അസോസിയേഷൻ ഹൈക്കോടതിയെ സമീപിച്ചു. കേസ് ക്രൈംബ്രാഞ്ച് അല്ലെങ്കിൽ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി.
യുവതിയെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുവെന്ന ആരോപണവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്. യുവതിക്കെതിരെ ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കണമെന്നും, വീഡിയോ എഡിറ്റ് ചെയ്ത മൊബൈൽ ഫോൺ പിടിച്ചെടുത്ത് വിശദമായി പരിശോധിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.








