യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കണ്ണൂര്‍ കളക്ട്രേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറുകയും മുടിയില്‍ പോലീസ് ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്ന് ആരോപണമുണ്ട്. യൂത്ത് കോൺഗ്രസ് അഴീക്കോട് ബ്ലോക്ക് സെക്രട്ടറി റിയാ നാരായണനെതിരെയായിരുന്നു പോലീസിൻ്റെ ക്രൂരത.
മുടിയില്‍ ചവിട്ടി നില്‍ക്കുന്നുവെന്നും വസ്ത്രം കീറിയെന്നും പ്രവര്‍ത്തക വിളിച്ച് പറഞ്ഞെങ്കിലും പോലീസ് ഗൗനിച്ചില്ല എന്നും പ്രവർത്തകർ പറയുന്നു. പ്രവര്‍ത്തകയെ അറസ്റ്റു ചെയ്ത് നീക്കുന്നതിനിടെയാണ് ഇവരുടെ വസ്ത്രം കീറിയത്. ഇതിനിടെ വനിതാ പോലീസ് പ്രവര്‍ത്തകയുടെ മുടിയിലും വസ്ത്രത്തിലും ചവിട്ടി പിടിച്ചു. കൈക്ക് പരിക്കേറ്റ് പ്രവര്‍ത്തക ഏറെ നേരം റോഡില്‍ കിടന്നു. വേദനിക്കുന്നുണ്ടെന്നും മുടിയില്‍ ചവിട്ടരുതെന്നും പറയുമ്പോഴും പിന്മാറാന്‍ പോലീസ് തയ്യാറായില്ല എന്ന് പ്രവർത്തകർ പറയുന്നു.
കണ്ണൂർ കളക്ട്രേറ്റിലേക്ക് നടന്ന മാർച്ച് സിവിൽ സ്റ്റേഷന് മുന്നിൽ ബാരിക്കേഡ് വെച്ച് പൊലീസ് തടഞ്ഞു. തുടർന്ന് ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരുമായി വാക്കു തർക്കവും നേരിയ തോതിൽ ഉന്തും തള്ളുമുണ്ടായി. ഇതേ തുടർന്ന് പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രവര്‍ത്തകര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി.