തിരുവനന്തപുരം: ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ സീനിയർ അഭിഭാഷകൻ ബെയ്‌ലിന്‍ ദാസിനെതിരേ പോലീസ് കേസെടുത്തു. കയ്യേറ്റം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി വഞ്ചിയൂർ പോലീസാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. `
വഞ്ചിയൂർ കോടതിയിലെ ജൂനിയർ അഭിഭാഷക ശ്യാമിലിയെയാണ് സീനിയർ അഭിഭാഷകനായ ബെയ്‌ലിൻ ക്രൂരമായി മർദിച്ചത്. ബെയ്‌ലിൻ മോപ് സ്റ്റിക് കൊണ്ട് മർദ്ദിച്ചുവെന്നാണ് ശ്യാമിലി പരാതിയിൽ പറയുന്നത്. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിങ്ങിലുള്ള ഓഫീസില്‍ വെച്ചാണ് യുവതിയ്ക്ക് മർദനമേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30 യോടെയായിരുന്നു സംഭവം.
ശ്യാമിലിയും അഭിഭാഷകനും തമ്മിൽ രാവിലെ തർക്കമുണ്ടായിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് പ്രതി യുവതിയെ മർദിച്ചതെന്നാണ് വിവരം. അടിയേറ്റ് താൻ ആദ്യം താഴെ വീണു. അവിടെനിന്ന് എടുത്ത് വീണ്ടും അടിച്ചു. കണ്ടുനിന്നവരാരും എതിർത്തില്ലെന്നും ശ്യാമിലി പറയുന്നു.
അതിനിടെ ശ്യാമിലിയുടെ പരിക്ക് ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആറുമാസമായ കുട്ടിയുടെ അമ്മയാണ് ശ്യാമിലി. സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്.
നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കേരളത്തിൽ കേട്ട് കേൾവി ഇല്ലാത്തതാണെന്നും വനിത കമ്മീഷൻ അംഗം ഇന്ദിര രവീന്ദ്രൻ പ്രതികരിച്ചു.