ന്യൂഡൽഹി∙ ഫരീദാബാദിലെ നവീന്‍ നഗറില്‍ കൊല്ലപ്പെട്ട യുവതി പീഡിപ്പിക്കപ്പെട്ടതായി പൊലീസ്. യുവതിയെ ഭർതൃപിതാവു ബലാത്സംഗം ചെയ്തതിനു ശേഷമാണു കൊലപ്പെടുത്തിയത്.
കൊലപാതകത്തിനു മകനും ഭാര്യയും ഇയാളെ സഹായിച്ചതായും പൊലീസ് കണ്ടെത്തി. ഭർത്താവിന്റെ മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവിനായി തിരച്ചിൽ വ്യാപകമാക്കി.
ജൂൺ 20 നാണു ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ഏപ്രിൽ 21നു രാത്രിയിലാണു യുവതിയെ കൊലപ്പെടുത്തിയതെന്നും മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.
ഏപ്രിൽ 20നു ഭൂപ് സിങ് വീട്ടിലെ മലിനജലം ഒഴുക്കിവിടുന്നതിനായി വീടിനു മുന്നിൽ കുഴി എടുത്തിരുന്നുവെന്നു പ്രദേശവാസികൾ പറഞ്ഞു.
ഏപ്രിൽ 22 ആയപ്പോഴേക്കും കുഴി മൂടുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം, മരുമകളെ കാണാതായതായി ഭൂപ് സിങ് അയൽക്കാരെ അറിയിച്ചു. സംശയം തോന്നാതിരിക്കാൻ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകി.
സംഭവമറിഞ്ഞ യുവതിയുടെ കുടുംബം നവീൻ നഗർ, പല്ല പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകുകയായിരുന്നു. നിരവധി തവണ സമീപിച്ചിട്ടും പൊലീസ് പരാതിയിൽ നടപടിയെടുത്തില്ല.
ഒടുവിൽ, കുടുംബം ഡിസിപി ഉഷ കുണ്ടുവിനു പരാതി നൽകുകയായിരുന്നു. പിന്നീട് കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
ഭൂപ് സിങ്ങിന്റെ വീടിനു മുന്നിൽ കുഴിയെടുത്തതോടെ യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
അന്വേഷണത്തിന്റെ തുടക്കത്തിൽ, ഭൂപ് സിങ്ങിനെ മാത്രമാണ് പിടികൂടിയത്. കുടുംബത്തിന്റെ പരാതിയെ തുടർന്ന് പിന്നീട് നടത്തിയ വിശദ അന്വേഷണത്തിലാണ് യുവതിയുടെ ഭർതൃമാതാവും സോണിയയും യുവതിയുടെ ഭർത്താവ് അരുണും കൊലപാതകത്തിൽ പങ്കാളികളാണെന്നു കണ്ടെത്തിയത്.
യുവതിയെ ബലാത്സംഗം ചെയ്ത ശേഷം വസ്ത്രം ഉപയോഗിച്ചു കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്നാണു പൊലീസ് പറയുന്നത്.
English Summary :
In Faridabad’s Naveen Nagar, police have confirmed that the murdered young woman was sexually assaulted. She was killed after being raped by her father-in-law