പ്രണയം നടിച്ച് തട്ടിയെടുത്തത് 12 പവൻ സ്വർണം
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദം നടിച്ച് സ്വർണാഭരണങ്ങൾ കൈക്കലാക്കിയ സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്ത് പോലീസ്. തമലം സ്വദേശി സന്ദീപ് (20), ആറാലുംമൂട് സ്വദേശി നിരഞ്ജൻ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട പൂജപ്പുര സ്വദേശിനിയായ സ്‌കൂൾ വിദ്യാർഥിനിയിൽ നിന്ന് പലപ്പോഴായി പന്ത്രണ്ടു പവൻ സ്വർണം ആണ് യുവാക്കൾ തട്ടിയെടുത്തത്.
തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കുട്ടിയെ എറണാകുളത്തു നിന്ന് കണ്ടെത്തി. സ്ഥലം കാണാനായാണ് വീട് വിട്ടിറങ്ങിയതെന്നാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാക്കൾക്ക് സ്വർണം നൽകിയ വിവരം പോലീസിന് ലഭിച്ചത്. ഈ സ്വർണം വിറ്റ് പ്രതികൾ ബൈക്ക്, ടെലിവിഷൻ എന്നിവ വാങ്ങിയിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ അടുത്ത ദിവസം പോലീസ് കോടതിയിൽ ഹാജരാക്കും.
യൂട്യൂബർ ‘ഷാലു കിങ്’ അറസ്റ്റിൽ
കോഴിക്കോട്: വിവാഹ വാഗ്ദാനം നൽകി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്ലോഗരെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് കൊടിയമ്മ ചേപ്പിനടുക്കം വീട്ടിൽ മുഹമ്മദ് സാലി (35) യെയാണ് അറസ്റ്റ് ചെയ്തത്.
വിദേശത്ത് നിന്നു മടങ്ങി വരുന്ന വഴി മംഗലാപുരം വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.
ഷാലു കിങ് മീഡിയ, ഷാലു കിങ് വ്ലോഗ്സ്, ഷാലു കിങ് ഫാമിലി തുടങ്ങിയ പേരിൽ കഴിഞ്ഞ ഏഴ് വർഷത്തോളമായി മുഹമ്മദ് സാലി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ക്രിയേറ്റ് ചെയ്തു വരികയായിരുന്നു.
2016-ൽ മുഹമ്മദ് സാലി ആദ്യ വിവാഹം കഴിച്ചിരുന്നു. ഇതിൽ പ്രതിക്ക് മൂന്ന് മക്കളുണ്ട്. പിന്നീട് ആദ്യ ഭാര്യയുമായി പിണങ്ങിയ സമയത്താണ് പ്രതി പതിനഞ്ചുകാരിയെ പരിചയപ്പെടുന്നത്.
ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴിയായിരുന്നു പെൺകുട്ടിയുമായി പരിചയപ്പെട്ടത്. പിന്നീട് വിവാഹം കഴിക്കാം എന്ന് വാഗ്ദാനം നൽകി ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു കളഞ്ഞു. പിന്നാലെ ഇയാൾക്കെതിരെ കൊയിലാണ്ടി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തുടർന്ന് വിദേശത്തു നിന്നും മംഗലാപുരം വിമാനത്താവളം വഴി എത്തിയപ്പോഴായിരുന്നു പോലീസ് പിടികൂടിയത്.
കൊയിലാണ്ടി എസ്എച്ച്ഒ ശ്രീലാൽ ചന്ദ്രശേഖരൻ, എസ്ഐ ആർ.സി. ബി ജു, സന്തോഷ് ലാൽ, കെ.പി. ഗിരീഷ്, എഎസ്ഐ വിജുവാണിയംകുളം, ശ്രീലത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; 47കാരൻ പിടിയിൽ
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. ആലപ്പുഴ ആറാട്ടുവഴി ഉനൈസ് മൻസിലിൽ ഉനൈസിനെ (47) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുമായി ആദ്യം സൗഹൃദത്തിലാകുകയും പിന്നീട് അവരുടെ കുടുംബവുമായി നല്ല ബന്ധം സ്ഥാപിച്ചെടുത്ത് യുവതിയുടെ വിശ്വാസം നേടിയെടുത്ത ശേഷം പ്രതി വിവാഹം ചെയ്യാമെന്ന് പറഞ്ഞാണ് യുവതിയെ പലതവണ ലൈംഗികമായി ഉപയോഗിച്ചത്.
യുവതിയുമായുള്ള സ്വകാര്യ രംഗങ്ങൾ പ്രതി ഒളികാമറയിൽ പകർത്തി സൂക്ഷിക്കുകയും പിന്നീട് ഈ ദൃശ്യങ്ങൾ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും അയച്ചു നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി.
10 ലക്ഷം രൂപ നൽകണമെന്നും പ്രതി ആവശ്യപ്പെട്ടപ്പോളാണ് താൻ പറ്റിക്കപ്പെടുകയായിരുന്നുവെന്നു യുവതി തിരിച്ചറിഞ്ഞത്.
യുവതിയുടെ പരാതിയിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുക്കുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു.
Summary: Two individuals have been arrested for allegedly befriending a minor girl and fraudulently obtaining her gold ornaments. The accused have been identified as Sandeep (20) from Tamalam and Niranjan (20) from Aralummoodu.









