അടിമാലി: പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവത്തില്‍ മൂന്നംഗ സംഘത്തെ പോലിസ് അറസ്റ്റ് ചെയ്തു.
ഇരുനൂറേക്കര്‍ വാഴശേരില്‍ അക്ഷയ് (25), മില്ലുംപടി സ്വദേശികളായ കുന്നുംപുറത്ത് ജസ്റ്റിന്‍ (23), പുല്ലുകുന്നേല്‍ രാഹുല്‍ (24) എന്നിവരെയാണ് അടിമാലി പൊലീസ് പിടികൂടിയത്.
കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പോലീസിനെ കബളിപ്പിച്ച് കടന്നുകളഞ്ഞ പ്രതിയെ തേടിയെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് മർദ്ദനമേറ്റത്.
ദേശീയപാതയില്‍ ആയിരമേക്കര്‍ കത്തിപ്പാറയ്ക്കു സമീപമാണ് സംഭവം.
സിവില്‍ പൊലീസ് ഓഫിസറായ അനൂപിനെയാണു ഇവർ ആക്രമിച്ചത്. ഹെല്‍മറ്റ് കൊണ്ട് അടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
പരുക്കേറ്റ അനൂപ് അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സ തേടി. ഞായറാഴ്ച വൈകിട്ട് രണ്ടംഗ സംഘം സഞ്ചരിച്ചിരുന്ന കാറില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ റെജി ജോസഫ് എന്നയാളെ പിടികൂടിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന മനു മണി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിനായി മഫ്തിയില്‍ എത്തിയപ്പോഴാണ് അനൂപിനെ സംഘം ചേർന്ന് ആക്രമിച്ചത്.