തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വ്യാജ തിരിച്ചറിയൽ കാർഡ് കേസിലും നടപടി കടുപ്പിക്കാനൊരുങ്ങി പോലീസ്. കേസ് ക്രൈംബ്രാഞ്ചിനു കൈമാറി ഉടന്‍ ഉത്തരവ് ഇറക്കും. സെക്രട്ടേറിയേറ്റ് സമരക്കേസില്‍ അറസ്റ്റ് ചെയ്തതിനു പിന്നാലെ ജാമ്യം നിഷേധിച്ച രാഹുൽ മാങ്കൂട്ടത്തിൽ റിമാൻഡിലാണ്.
അതേസമയം രാഹുലിന്‍റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കുമെന്നാണു വിവരം. തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഇന്നലെ ഉച്ചയ്ക്കാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റടക്കം ഹാജരാക്കിയിട്ടുണ്ട്. പൂജപ്പുര ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുലിനെ അഡ്മിഷൻ സെല്ലിൽനിന്നു സെല്ലിലേക്കു മാറ്റി. രാഹുലിന്റെ ആരോഗ്യനില മോശമാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കോടതിയിൽ ഹാജരാക്കിയതായി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി അറിയിച്ചിരുന്നു. മാർച്ചിനിടെ തലയിൽ അടിയേറ്റതിനെത്തുടർന്നു ചികിത്സ തേടിയ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽനിന്നുള്ള മെഡിക്കൽ റിപ്പോർട്ടാണ് ഹാജരാക്കിയിരിക്കുന്നത്.
ചികിത്സ തേടുമ്പോൾ രാഹുലിന് പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും രോഗലക്ഷണങ്ങളിൽനിന്നു രണ്ടു തവണ പക്ഷാഘാതം വന്നുപോയതായാണു സൂചനയെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നു കഴിക്കുന്നുണ്ട്. ചികിത്സ തുടരുന്നതു സംബന്ധിച്ച വിദഗ്ധോപദേശത്തിനു കാത്തിരിക്കുമ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും അബിൻ വർക്കി വ്യക്തമാക്കി.