പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ കൊലപാതകം നേരിൽക്കണ്ടെന്ന് സംശയിക്കപ്പെടുന്ന സാക്ഷിയുടെ മൊഴിയെടുക്കാനുള്ള കഠിനശ്രമത്തിൽ പോലീസ്. ഇയാളുടെ ദൃക്‌സാക്ഷിമൊഴി കേസിൽ നിർണായകമായിരിക്കെ പലവട്ടം പൊലീസ് ശ്രമിച്ചിട്ടും മൊഴി രേഖപ്പെടുത്താൻ ഇയാൾ തയ്യാറാകാത്തത് പോലീസിനെ കുഴയ്ക്കുന്നുണ്ട്. വരുംദിവസങ്ങളിൽ ഇയാൾ മൊഴി നൽകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ജാമ്യത്തിൽ ഇറങ്ങിയശേഷമാണ് ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. മൊഴി നൽകിയാൽ ഇയാൾ വീണ്ടും പുറത്തിറങ്ങിയാൽ തന്നെയും കൊന്നു കളയുമെന്ന പേടിയിലാണ് ദൃക്‌സാക്ഷി മൊഴി നൽകാൻ മടിക്കുന്നത്. എന്നാൽ സാക്ഷിയെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ പൊലീസ് പരമാവധി ശ്രമിക്കുന്നുണ്ട്. കേസിൽ ദൃക്‌സാക്ഷിയില്ലെന്നും സംശയത്തിന്റെയും കേട്ടുകേൾവിയുടേയും മാത്രം അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നുമാണ് കോടതിക്ക് മുമ്പാകെ ജാമ്യാപേക്ഷയുമായി എത്തിയപ്പോൾ പ്രതി ചെന്താമര പറഞ്ഞത്.
എന്നാൽ കൊലപാതകം നേരിട്ടുകണ്ട ദൃക്‌സാക്ഷിയുടെ മൊഴി രേഖപ്പെടുത്താനായാൽ അത് ഏറെ നിർണ്ണായകമാകുന്ന കണ്ടെത്തലായി മാറും. സംഭവത്തിന് ശേഷം സ്ഥലത്തുനിന്നും കാണാതായ ആളുകളുടെ പട്ടിക തയ്യാറാക്കിയപ്പോഴാണ് ദൃക്‌സാക്ഷിയുടെ വിവരം കിട്ടിയത്. സംഭവത്തിന് ശേഷം ഇയാൾ നെല്ലിയാമ്പതിയിലേക്ക് പോയതായി കണ്ടെത്തി. തുടർന്നാണ് പോലീസ് ഇയാളെക്കുറിച്ച് അന്വേഷിച്ചതും ഇയാൾ രണ്ടുദിവസമായി പനി പിടിച്ചു കിടക്കുകയായിരുന്നെന്നും കണ്ടെത്തുകയായിരുന്നു.
ചെന്താമര അയൽക്കാരായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തുമ്പോൾ സമീപത്തെ പറമ്പിൽ ആടുമേയ്ക്കുകയായിരുന്നു ഇയാൾ. ലക്ഷ്മിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ ഇയാൾ കൊലപാതകം കണ്ട് ഞെട്ടി വീട്ടിലേക്ക് തിരികെ ഓടി പോയി. പിന്നീട് ജോലി സ്ഥലമായ നെല്ലിയാമ്പതിയിലേക്ക് പോകുകയായിരുന്നു. പിന്നെ ഇയാളെ കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. കഴിഞ്ഞ ജനുവരി 27നാണ് പോത്തുണ്ടിയിൽ കൊലപാതകം നടന്നത്. കേസിൽ പ്രതി ചെന്താമരയുടെ ഭാര്യയുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
തന്നെ ചെന്താമര നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും സഹികെട്ട് വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നും താനിപ്പോൾ എവിടെയാണ് എന്ന് പോലും ഇയാൾക്ക് അറിയില്ലെന്നുമായിരുന്നു ചെന്താമരയുടെ ഭാര്യയുടെ മൊഴി. അയൽവാസികളോട് മോശമായാണ് ചെന്താമര പെരുമാറിയതെന്നും ചെന്താമരയുടെ ഭാര്യയെന്ന് അറിയപ്പെടാൻ പോലും താത്പര്യമില്ലെന്നുമാണ് അവർ ആലത്തൂർ സ്‌റ്റേഷനിൽ എത്തി മൊഴി നൽകിയത്.