എറണാകുളം: സംസ്ഥാന സ്‌കൂൾ കായികമേളയിലെ പോയിന്റ് പട്ടികയുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് പരാതി നൽകി സ്‌കൂൾ അധികൃതർ. നാവമുകുന്ദാ, മാർ ബേസിൽ സ്‌കൂളുകളുടെ അധികൃതരാണ് പരാതി നൽകിയത്. ഇതിനിടെ കായികമേളയുടെ സ്കൂൾ പോയിൻ്റ് പട്ടിക ഔദ്യോഗിക സൈറ്റിൽ നിന്ന് ഒഴിവാക്കി.(Point issue at school sports meet; school authorities filed complaint to Director of Public Education)
കായികമേളയുടെ ഔദ്യോഗിക സൈറ്റ് പ്രകാരം 80 പോയിന്റുകളുമായി ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിക്ക് ഒന്നാം സ്ഥാനവും, രണ്ടാം സ്ഥാനം 44 പോയിന്റുകളോടെ നാവമുകുന്ദ എച്ച്.എസ്.എസ് തിരുനാവായക്കും, മൂന്നാം സ്ഥാനം മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലത്തിനുമായിരുന്നു. എന്നാൽ 55 പോയിന്റുകളുള്ള സ്പോർസ് ഹോസ്റ്റൽ വിഭാഗത്തിൽ പെടുന്ന ജി.വി രാജ സ്പോർട് സ്‌കൂളിന് ആണ് രണ്ടാം സ്ഥാനം നൽകിയത്.
ഇതേതുടർന്ന് രണ്ടാം സ്ഥാനത്തുള്ള നാവമുകുന്ദ എച്ച്.എസ്.എസ് തിരുനാവായ മൂന്നാം സ്ഥാനത്തിലേക്കും മാർ ബേസിൽ എച്ച്.എസ്.എസ് കോതമംഗലം നാലാം സ്ഥാനത്തേക്കും തള്ളപ്പെട്ടു. ഒരറിയിപ്പുമില്ലാതെ സ്‌പോർട്‌സ് സ്‌കൂളിനെ മികച്ച സ്‌കൂളുകളുടെ പട്ടികയിൽ പെടുത്തുകയും രണ്ടാം സ്ഥാനത്തിന്റെ പുരസ്‌കാരം നൽകുകയും ചെയ്തതിന് പിന്നാലെ മൂന്നും നാലും സ്ഥാനത്തേക്ക് തള്ളപ്പെട്ട സ്‌കൂളുകളിലെ വിദ്യാർഥികൾ പ്രതിഷേധത്തുമായി രംഗത്തെത്തുകയായിരുന്നു.